ഇനി യാത്രകള്‍ എളുപ്പം; കോൺക്രീറ്റ് ചെയ്ത കൊയിലാണ്ടി എമ്മച്ചം കണ്ടി റോഡ് ജനങ്ങള്‍ക്കായി തുറന്നു


കൊയിലാണ്ടി: നഗരസഭാ അതിർത്തിയിലെ എമ്മച്ചം കണ്ടി നിവാസികളുടെ കാലങ്ങളായുള്ള ഗതാഗത പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമായി. നഗരസഭയിലെ 33-ാം ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത എമ്മച്ചം കണ്ടി റോഡ് നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ ഫണ്ടിൽ നിന്നും 9 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് കോൺക്രീറ്റ് പണി പൂര്‍ത്തിയായത്. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർ ഷീബാ സതീശൻ, ഇമ്പിച്ചി മമ്മു, പി.വി രാജു, പി.പി സുധീർ, കേളോത്ത് അശോകൻ, ശ്രീജിത്ത് ശ്രീകല, മനാഫ് എന്നിവര്‍സംസാരിച്ചു. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കൗൺസിലർ മനോജ് പയറ്റുവളപ്പിലിനെ നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പൊന്നാടയണിയിച്ച് ആദരിച്ചു. മനോജ് പയറ്റുവളപ്പിൽ നന്ദി പറഞ്ഞു.