കാറ്റിൽ പറന്നകന്ന കുടയോടൊപ്പം പോയത് ഒരു വീടിന്റെ സ്വപനങ്ങൾ, സ്കൂളിന്റെ ജീവൻ; കൊയിലാണ്ടിയിൽ ട്രെയിനപകടത്തിൽ പെട്ട് മരണമടഞ്ഞ ആനന്ദിന് നീറിപ്പുകയുന്ന മനസോടെ വിട നൽകി നാട്
കൊയിലാണ്ടി: ഒരേ ഒരു നിമിഷം കൊണ്ട് സന്തോഷമെല്ലാം മാറിമറിയുകയായിരുന്നു. ജീവിതമേ താറുമാറാവുകയായിരുന്നു. ഇനിയും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെയും സുഹൃത്തിന്റേയും വിയോഗം ഉൾക്കൊള്ളാനാവാതെ സഹപാഠികളും അധ്യാപകരുമൊക്കെ ആ വാര്‍ത്ത കേട്ടത്.
പന്തലായനിയിലും ഒഞ്ചിയത്തും നടന്ന പൊതു ദർശനത്തിനു ശേഷം വേളത്ത് മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ എങ്ങനെ ആശ്വസിക്കണമെന്നറിയാതെ കണ്ടു നിൽക്കാനാവാത്ത നാട്ടുകാരും വീട്ടുകാരും വിതുമ്പി.
ഇന്നലെ വൈകുന്നേരം വരെ തങ്ങളുടെ കൂടെ ഒന്നിച്ചിരുന്നു പഠിച്ച ആനന്ദ് അപകടത്തിൽ പെട്ട് എന്ന വിവരം ഏറെ ഞെട്ടലോടെയാണ് സഹപാഠികൾ കേട്ടത്. തങ്ങളുടെ പ്രിയപ്പെട്ട ശിഷ്യനെ പറ്റിയുള്ള വാർത്ത സത്യമാകരുതേ എന്ന് അധ്യാപകരും പ്രാർത്ഥിച്ചു. പ്രാർത്ഥനകളോടെ അവരെല്ലാം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ ഹൃദയം നുറുങ്ങുന്ന വാർത്തയായിരുന്നു അവരെ തേടിയെത്തിയത്.
തന്റെ കൈപിടിച്ച് ഒപ്പമുണ്ടായിരുന്ന മകൻ അപകടത്തിൽ പെട്ടു എന്നുള്ള വാർത്ത അമ്മയ്ക്കും ഉൾക്കൊള്ളാനായില്ല. ഏറെ അസ്വസ്ഥത അനുഭവിച്ച മാതാവിനെ താലൂക്ക് ആശുപത്രിയില്‍ പരിചരണം നല്കി.
ആനന്ദ് കുട നിവര്‍ത്തിയായിരുന്നു നിന്നത്. ട്രെയിനിന്റെ അതിവേഗത കൊണ്ടുള്ള കാറ്റില്‍ കുടയ്‌ക്കൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. രക്ഷിക്കാനായി അമ്മക്കൈകൾ എത്തുന്നതിനു മുൻപ് തന്നെ അപകടം സംഭവിച്ചിരുന്നു.
ആശുപത്രിയിലേക്കെത്തിക്കാൻ ഗതാഗത കുരുക്ക് കാരണം ഏറെ പ്രയാസപ്പെട്ടെങ്കിലും തിക്കോടി സ്വദേശികളായ യുവാക്കൾ ഉടനെ തന്നെ കൊയിലാണ്ടി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിലെത്തിയ ഉടനെ ആ പതിനൊന്നുകാരന് വിടവാങ്ങിയിരുന്നു. പിതാവ് അനൂപിനെ ആശ്വസിപ്പിക്കാനാവാതെ ഒപ്പമുണ്ടായിരുന്നവർ വിഷമിച്ചു. അപകടത്തില്പെടുംവരെ തന്റെ നിഴലായിരുന്ന മകന്റെ വേര്‍പാട് മാതാവിനെ ആദ്യം അറിയിച്ചിരുന്നില്ല.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാർട്ടത്തിനു ശേഷം പന്തലായനി യു.പി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച വിദ്യാര്‍ഥിയായിരുന്നു ആനന്ദിനെ യാത്രയയക്കാൻ സ്കൂൾ മുഴുവനും എത്തി. പിതാവിന്റെ ഒഞ്ചിയത്തെ തറവാട്ട് വീട്ടിലെ പൊതു ദർശനത്തിനും നൂറു കണക്കിനാളുകൾ എത്തി. മാതാവിന്റെ തറവാട് വീടായ വേളത്ത് മൃതദേഹം സംസ്കരിച്ചു.
summary: koyilandy bid heartbreaking farewell to anandh who died in train accident