മേളപ്പെരുക്കത്തില്‍ ഭക്തിയോടെ നാന്തകം എഴുന്നള്ളിപ്പ്; മാറ്റത്തിന്റെ തേര് തെളിച്ച് കൊയിലാണ്ടി കൂത്തംവള്ളി ക്ഷേത്രം
കൊയിലാണ്ടി: കൂത്തംവള്ളി ക്ഷേത്രോത്സവത്തിന് തേര് എത്തിയത് കൗതുക കാഴ്ചയായി. ഈ മാസം 10ന് കൊടിയേറിയ ഉത്സവത്തിന് സമാപന ദിനമായ 16,17 തീയതികളിലാണ് തേര് എത്തിയത്. മണക്കുളങ്ങര ക്ഷേത്രത്തില്‍ അനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിലെ തിടമ്പ് എടുക്കാന്‍ തേര് ഉപയോഗിക്കാമെന്ന് ആഘോഷകമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും തീരുമാനിക്കുന്നത്.
തുടര്‍ന്ന് ക്ഷേത്രം തന്ത്രിയുടെ നിര്‍ദേശ പ്രകാരം അത്തോളിയില്‍ നിന്നും രണ്ട് ദിവസത്തേക്ക് തേര് വാടകയ്ക്ക് എടുക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഗുളികന്‍തറയില്‍ നിന്നും ആരംഭിച്ച താലപ്പൊലി ഊരുചുറ്റിയ ശേഷമാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. ഇത്തവണ ആനയ്ക്ക് പകരം തേര് എത്തിയതോടെ താലപ്പൊലി കാണാന്‍ എത്തിയവര്‍ക്കും വേറിട്ട കാഴ്ചയായി.
ആനയെ എഴുന്നള്ളിക്കുന്നതിനേക്കാള്‍ ചിലവ് കുറവാണെങ്കിലും എഴുന്നള്ളത്തിന് ആന ഉള്ളത് പ്രൗഡിയാണെന്നും തേര് പൂഴി പോലുള്ള സ്ഥലങ്ങളില്‍ കെട്ടിവലിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും ആഘോഷകമ്മിറ്റി പ്രസിഡണ്ട് സുരേന്ദ്രന്‍ കെ.വി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന വിരണ്ടോടിയിരുന്നു. എന്നാല്‍ കാര്യമായ അപകടങ്ങളൊന്നും സംഭവിച്ചിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് കേസ് രണ്ട് വര്‍ഷം മുമ്പാണ് അവസാനിച്ചതെന്നും പ്രസിഡണ്ട് പറഞ്ഞു.
മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടവുമായി ബന്ധപ്പെട്ട് ആനകള്‍ക്ക് ജില്ലയിലെ ഉത്സവങ്ങളില്‍ നിരോധനം വന്നതോടെയാണ് തേര് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് അമ്പലകമ്മിറ്റി സെക്രട്ടറി അഖില്‍ കെ.വി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ നാന്തകം എഴുന്നള്ളിപ്പിന് ആനയെ കൊണ്ടുവരണമോ എന്നത് ജനറല്‍ബോഡി ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Description: koyilandi Koothamvalli temple festival is over