26 വര്‍ഷം, കടലുണ്ടി തീവണ്ടി ദുരന്തം മുതല്‍ കേരളം ഞെട്ടിയ ദുരന്തങ്ങള്‍; രാഷ്ട്രപതിയുടെ അവാര്‍ഡ് തിളക്കത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ പി.കെ ബാബു
കൊയിലാണ്ടി: വീണ്ടും പുരസ്‌കാര തിളക്കത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ നിലയം. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരില്‍ ഒരാള്‍ കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി.കെ ബാബുവാണ്. അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും ഇരട്ടി സന്തോഷം.
1999ല്‍ സര്‍വ്വീസില്‍ ജോയിന്‍ ചെയ്ത ബാബു 2017ല്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചത് മുതല്‍ സ്റ്റേഷനിലുണ്ട്. ഇതിനിടെ പ്രമോഷന്‍ ലഭിച്ചതോടെ മുക്കത്ത് രണ്ട് വര്‍ഷക്കാലം ജോലി ചെയ്തു. പിന്നീട് തിരിച്ച് കൊയിലാണ്ടിയിലേക്ക് തന്നെ വരികയായിരുന്നു. 26 വര്‍ഷത്തെ സേവനത്തിനിടെ പലരെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.
കടലുണ്ടി തീവണ്ടി ദുരന്തം, മിഠായിത്തെരുവിലെ വിവിധ കാലങ്ങളിൽ നടന്ന തീപിടുത്തങ്ങൾ, 2018,2019 കാലത്തെ വെള്ളപ്പൊക്ക സമയത്തെ ധീരമായ രക്ഷാപ്രവർത്തനങ്ങൾ, കോഴിക്കോട് ഐസ് പ്ലാന്റിൽ അമോണിയം ലീക്കായതിനെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനം, 2024 മഴക്കാലത്ത് ബാലുശ്ശേരി മഞ്ഞപ്പാലം പുഴക്ക് കുറുകെ വടം കെട്ടി തൂങ്ങി മറുകര എത്തി കുടുംബത്തെ ഇക്കരെ എത്തിച്ച രക്ഷാപ്രവർത്തനം, നൂറുകണക്കിന് കിണർ അപകടങ്ങള്‍ തുടങ്ങി ഇക്കാലയളവിനുള്ളില്‍ കേരളം ഞെട്ടിയ പല അപകടങ്ങളിലും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബാബുവും മുന്‍പന്തിയിലുണ്ടായിരുന്നു.
അവാര്‍ഡ് നേട്ടത്തില്‍ എത്രത്തോളം സന്തോഷമുണ്ടെന്ന ചോദ്യത്തിന് ‘ഇതിനുമപ്പുറത്തേക്ക് ഒരു അവാര്‍ഡില്ല. ഒരു ഫയര്‍ ഫോഴ്‌സുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അവാര്‍ഡാണ് രാഷ്ട്രപ്രതിയുടെ അവാര്‍ഡ്. അതുകൊണ്ടുതന്നെയും ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടിയിലെ പ്രധാനപ്പെട്ട രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തിടെ നടത്തിയ മഞ്ഞപ്പാലത്തെ അത്യന്തം അപകടരമായ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. കുത്തിയൊഴുകുന്ന പുഴയിലൂടെ മറുകരയില്‍ പെട്ടുപോയ അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത് അത്രയും ഭീകരമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. 2021ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡഡിനും അര്‍ഹനായിരുന്നു.
നിലവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായ അദ്ദേഹം ഈ വർഷം ഏപ്രിൽ മാസത്തിൽ വിരമിക്കാൻ ഒരുങ്ങുകയാണ്. കൊയിലാണ്ടി പെരുവട്ടൂർ പീടിക കണ്ടി ഹൗസിൽ താമസം. ഭാര്യ: ബിന്ദു. മക്കൾ യദുകൃഷ്ണ, മാളവിക.
Description: koyialndy Fire Rescue Station shines again with awards