കൊട്ടിയൂരിലെ പ്രസിദ്ധമായ നെയ്യാട്ടച്ചടങ്ങിൽ ധരിക്കുന്ന തലക്കുട നിർമ്മിക്കുന്നത് ഊരള്ളൂരാണെന്ന് എത്രപേർക്കറിയാം; ആണ്ടിയേട്ടന്റെ പരിചയവും വൈദഗ്ധ്യവും ആത്മസമർപ്പണവും കൂടിച്ചേരുമ്പോൾ നിവരുന്നത് അഴകുള്ള തലക്കുടകൾ


രഞ്ജിത്ത് ടി. പി അരിക്കുളം

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നിലത്ത് കൂനി കൂടിയിരുന്ന് കാൽവിരലുകൾക്കടിയിൽ ചവിട്ടി പിടിച്ച പനയോലകൾ അടുക്കി പിടിച്ച് അതിനിടയിലൂടെ ചീന്തിയെടുത്ത മുളയുടെ ചെറിയ കഷ്ണങ്ങൾ അതിസൂഷ്മതയോടെ അദ്ദേഹം കോർത്തെടുക്കകയായിരുന്നു. ചെയ്യുന്ന ജോലിയിൽ മുഴുകി പോയതു കാരണമാവാം അടുത്തെത്തിയത് അദ്ദേഹം അറിഞ്ഞതേ ഇല്ല. എന്റെ സുഹൃത്ത് വെറുതേ ഒന്നു ചുമച്ചപ്പോൾ അദ്ദേഹം തലയുയർത്തി. ചെറുതായൊന്നു ചിരിച്ചെന്ന് തോന്നി, “കയിഞില്ല” തനി നാടൻ ഭാഷയിൽ അദ്ദേഹം അതും പറഞ്ഞ് എണീറ്റ് കസേര നീക്കിയിട്ടു തന്നു.

ഈ അദ്ദേഹം ആരാണെന്നല്ലേ? പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല നിങ്ങൾക്കും എനിക്കും. ഊരള്ളൂർ സ്വദേശിയായ ആണ്ടിയേട്ടൻ എന്ന് വിളിക്കുന്ന പാറക്കുടുംബിൽ ആണ്ടി. നിർമ്മിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളും, ഞാനും, ഈ തലമുറയും മറന്ന് തുടങ്ങിയ ഓലക്കുട എന്ന തലക്കുട.

പണ്ട് കാലത്ത് ബ്രാഹ്മണ സ്ത്രീകളും ഉയർന്ന സമുദായത്തിൽ പെട്ടവരും ഉപയോഗിച്ച് പോന്നിരുന്ന മറക്കുടയുടെ വകഭേദം. മുമ്പ് മൂരി ഉഴുത്തുകാർ, കർഷകർ ഇവരൊക്കെ ഉപയോഗിച്ചിരുന്ന ഈ കുട മഴയത്ത് പശുവിനെ അഴിച്ച് കൊണ്ടുവരുമ്പോൾ ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവർ പഴയ തലമുറയിൽ ആരുമുണ്ടാവില്ല. ആണ്ടിയേട്ടന്റെ പരിചയവും വൈദഗദ്ധ്യവും, ആത്മസമർപ്പണവും കൂടിചേരുമ്പോൾ അഴകുള്ള തലക്കുടകൾ നിവരുകയായി.

പനയോല ഭംഗിയായി വെട്ടിയൊതുക്കി മുളയുടെ ചെറിയ ചീന്തുകൾ ഇല്ലികൾക്ക് പകരമായി വളച്ച് നാരിൽ കെട്ടിയുറപ്പിച്ച് തലയിൽ വെക്കാൻ പാകത്തിൽ നെയ്തെടുത്ത ഈ തലക്കുടക്ക് ആവശ്യക്കാരെത്തുന്നത് മേത്തലേപ്പാത്ത് എന്ന് വിളിക്കുന്ന കൊട്ടിയൂരിൽ നിന്നാണെന്ന് അറിയുമ്പോഴാണ് ആണ്ടിയേട്ടന്റെ പെരുമ നമ്മൾ അറിയുന്നത്. കൊട്ടിയൂരിലെ പ്രസിദ്ധമായ നെയ്യാട്ടം എന്ന ചടങ്ങിൽ തലക്കുടയും ധരിച്ച് ഒറ്റത്തോർത്തു മുണ്ടും ഉടുത്ത് നിൽക്കുന്നവരുടെ ഫോട്ടോ ദിനപത്രങ്ങളിൽ കാണുമ്പോൾ ആ ചടങ്ങിൽ ആണ്ടിയേട്ടന്റെ സാന്നിദ്ധ്യം കൂടി ഉണ്ടന്ന് ഓർക്കണം. മറ്റ് പല സ്ഥലങ്ങളിൽ നിന്നും കൊട്ടിയൂരിലേക്ക് തലകുടകൾ നിർമ്മിക്കുന്നുണ്ടെങ്കിലും ആണ്ടിയേട്ടൻ്റെ കരവിരുതിൽ നിവരുന്ന കുടകളുടെ പൂർണ്ണതയും ഭംഗിയും ഒന്നു വേറെ തന്നെയാണ്.

നെയ്യാട്ടമെന്ന ചടങ്ങ് കർശ്ശനമായ വൃതങ്ങളോടെയും ചിട്ടകളോടെയും നടത്തുന്ന ഒരാചാര അനുഷ്ഠാനമാണ്. വൈശാഖ ഉത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കടത്തനാട്ടിലെ നെയ്യമൃത് സംഘങ്ങൾ നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ മഹിമ കാത്തു സൂക്ഷിക്കാൻ മഠങ്ങളിൽ താമസിച്ച് വൃതമെടുത്ത്, ഒറ്റമുണ്ടും ധരിച്ച് തലക്കുടയുമായി നഗ്നപാദരായി യാത്ര പുറപ്പെടും. മാഹി പുഴക്ക് അക്കരെ ഓരോ നെയ്യമൃത് സംഘത്തിനുമുള്ള സങ്കേതങ്ങളിൽ പ്രവേശിച്ച ശേഷം ചോതി നാളിൽ കൊട്ടിയൂർ എത്തും. വില്ല്യപ്പള്ളി തിരുമന മഠം, ഏറാമല എടവന മഠം, ഇരിങ്ങണ്ണൂർ തെറട്ടോളി ക്ഷേത്രം, തുടങ്ങി എല്ലാ സംഘങ്ങളും ചേർന്ന് ഒളവിലം പെരുമാൾ മഠത്തിൽ എത്തിചേർന്ന്
എടയാറിലെത്തുന്ന സംഘം വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും, തെമ്മെങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിൽ കൊട്ടിയൂരിൽ മണിത്തറയിൽ നാളം തുറന്ന് നെയ്യാട്ടം നടത്തുന്നതോടെ കൊട്ടിയൂർ ഉൽസവത്തിന് തുടക്കമായി.

ഈ ആചാരത്തിലുമുണ്ട് ഒരു സന്ദേശം. എല്ലാ ജാതിയിൽപെട്ടവർക്കും പ്രധാന ക്ഷേത്ര ചടങ്ങുകളിൽ എല്ലാം തന്നെ അർഹമായ പ്രാധാന്യവും പങ്കാളിത്തവും ഉണ്ടെന്ന സന്ദേശം. അവകാശികൾ, കഴകം എന്ന് പറയാറില്ലേ അത് പോലെ. ആശാരി, കൊല്ലൻ, പുലയൻ, പറയൻ, തുടങ്ങി എല്ലാ വിഭാഗത്തിനും ക്ഷേത്ര ഉത്സവങ്ങളിൽ ഏതെങ്കിലും തരത്തിൽ അവകാശമുണ്ടാവും.

ഇതുകൊണ്ടും തീരുന്നില്ല ആണ്ടിയെന്ന വ്യക്തിപ്രഭാവം. ഉത്സവ പറമ്പിൽ ബലൂണും ഓടക്കുഴലുമായി നിൽക്കുന്ന ആളാണോ ഇതെന്ന് ചിലർക്കെങ്കിലും സംശയമുണ്ടല്ലേ..? സംശയം ലവലേശം വേണ്ട അതും ആണ്ടിയേട്ടൻ തന്നെ, ഓടക്കുഴൽ അദ്ദേഹം നിർമ്മിച്ചത് തന്നെ. ഇനിയിപ്പോ തിരുവോണ ദിവസം ഓണപ്പൊട്ടനായി വേഷമിട്ട് മണി കുലുക്കി പൂക്കളത്തിന് പ്രദക്ഷിണം വെക്കുന്നതും ആരാണെന്ന ചോദ്യത്തിന്റെയും ഉത്തരം ഇതേ ആണ്ടിയേട്ടൻ തന്നെ…. കർഷകൻ, കൂലി പണിക്കാരൻ അങ്ങിനെ ജീവിതത്തിൽ എത്രയെത്ര വേഷപകർച്ചകൾ. ഐ.ആർ.ഡി.പി വിപണന മേളകളിലെ നിറ സാന്നിദ്ധ്യം. അവിടെ മാസ്റ്റർ പീസ് ‘അധികമാർക്കും ഉണ്ടാക്കനറിയാത്ത
‘പറിതുടി ‘എന്ന സംഗീത ഉപകരണമാണ്.

നാട്ടിലെ ചെറുപ്പക്കാരുടെ അസൂയ ഇതൊന്നുമല്ല, ഒരിഴമുടി പോലും നരച്ചിട്ടില്ല എന്നതാണ്. ഒരാളോടും കലഹത്തിനില്ലാത്ത, വൈരാഗ്യമില്ലാത്ത, പഴയകാല കുലതൊഴിലിന്റെ, നിർമ്മാണങ്ങളുടെ പ്രതീകം. നാട്ടിൻ പുറത്തിന്റെ നിഷ്കളങ്ക മനസിനുടമ ആണ്ടിയേട്ടൻ എന്നെയും നിങ്ങളെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്നില്ലേ?

പറഞ്ഞുറപ്പിച്ച പ്രകാരം പതിനഞ്ച് തലക്കുടകളും വാങ്ങി ഞാനും സുഹൃത്തും പടിയിറങ്ങുമ്പോൾ പിറകിൽ ഉമ്മററത്ത് ആണ്ടിയേടൻ എന്ന പാവങ്ങളുടെ ബഹുമുഖ പ്രതിഭ കൊട്ടിയൂരേക്ക് തലക്കുടകളുമായി പൊടിപറത്തി നീങ്ങുന്ന ജീപ്പിനെ പ്രത്യേകിച്ച് ഒരു ഭാവമാറ്റവുമില്ലാതെ നോക്കി നിൽക്കുന്നത് തിരിഞ്ഞു നോക്കാതെ തന്നെ ഞങ്ങൾക്ക് കാണാമായിരുന്നു. ആ മടക്ക യാത്രയിൽ ആണ്ടിയേട്ടനും അദ്ദേഹത്തിന്റെ കഴിവുകളും ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു. പ്രൗഡഗംഭീര തലയെടുപ്പോടെ നിൽക്കുന്ന വില്ല്യാപ്പള്ളി തിരുമന മംത്തിന്റെ മുറ്റത്ത് ജീപ്പ് നിൽക്കുന്നത് വരെ.

 

 

ചിത്രങ്ങൾ: മനോജ് കുറുങ്ങോട്ട്