കണ്ടെത്തിയത് 250 ലേറെ അപൂർവ്വ സസ്യലതാദികളും വൃക്ഷങ്ങളും വള്ളി പടർപ്പുകളും; മൂടാടി പഞ്ചായത്തിലെ കോട്ടയിൽ കാവും വാഴയിൽ പാതാളവും ജൈവസമ്പത്തിൻ്റെ കലവറകൾ


കൊയിലാണ്ടി: ജൈവസമ്പത്തിൻ്റെ കലവറകളാണ് കോട്ടയിൽ അമ്പലവും വാഴയിൽ ക്ഷേത്രവും കോട്ടയിൽ കാവും വാഴയിൽ പാതാളവും എന്ന് കണ്ടെത്തൽ. മൂടാടി ഗ്രാമപഞ്ചായത്ത് ഈ പ്രദേശങ്ങളെ പറ്റി ശാസ്ത്രീയമായി പഠിക്കാൻ നിയോ​ഗിച്ച ജൈവവൈവിധ്യ മാനേജ്മെൻ്റ് കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. ഇവിടെ 250 ലേറെ അപൂർവ്വ സസ്യലതാദികളും വൃക്ഷങ്ങളും വള്ളി പടർപ്പുകളുമുണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

ഏതാണ്ട് ഏഴ് ഏക്കറോളം സ്ഥലത്ത് വിശാലമായി കിടക്കുന്നതാണ് കോട്ടയിൽ കാവ്. . 250 ലേറെ അപൂർവ്വ സസ്യലതാതികളും വൃക്ഷങ്ങളും വള്ളി പടർപ്പുകളും കാവിൽ നിലനിൽക്കുന്നതായി വിദഗ്ധർമേൽനോട്ടം വഹിച്ച പഠനത്തിൽ കണ്ടെത്തിയത്. കൂടാതെ അപൂർവ്വം ചിത്രശലഭങ്ങൾ, സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട ജീവജാലങ്ങൾ, ഉരഗങ്ങൾ എന്നിവയും കാവിലെ അവാസവ്യവസ്ഥയിൽ ഉൾക്കൊള്ളുന്നതായി കണ്ടെത്തി. കാവിനു നടുവിൽ മനോഹരമായ കുളവും സ്ഥിതി ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ കുളവും കാവും.

പുരാതന കാലത്ത് രൂപം കൊണ്ട രണ്ട് ഭൂഗർഭ ഗുഹകളാണ് വാഴയിൽ വലിയ പാതാളവും ചെറിയ പാതാളവും. പാതാളവും പരിസരവും പ്രധാന ജൈവവൈവിധ്യമേഖലയാണ് എന്ന് പഠന റിപ്പോർട്ട് അടിവരയിടുന്നു. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും മലയാള നാമവും ശാസ്ത്രീയ നാമവും ജന്മദേശവും ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്.

ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ – പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കോട്ടയിൽ കാവ് വാഴയിൽ പാതാളം പ0ന റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ബയോഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ മഞ്ജു, ഡോ.കിഷോർ, അബ്ദുൾ റിയാസ്, ഡോ. മനു ദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

വൈവിദ്യങ്ങളായ ജൈവസമ്പത്തിൻ്റെ കലവറകളായ കോട്ടയിൽ അമ്പലവും വാഴയിൽ ക്ഷേത്രവും കോട്ടയിൽ കാവും വാഴയിൽ പാതാളവും പാരമ്പര്യ ജെെവ വെെവിധ്യ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചിട്ടുണ്ട്. വ്യത്യസതങ്ങളായ സസ്യ ജന്തുജാലങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ബയോഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ മഞ്ജു കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

പഠന റിപ്പോർട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റ പരിഗണനയിലാണെന്നും പാരമ്പര്യ സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ടാൽ ഫണ്ടുകൾ അനുവദിക്കപ്പെടുമെന്നും സംരക്ഷണത്തിനായി ക്ഷേത്ര കമ്മിറ്റികളുടെ പിന്തുണയോടെ വിപുലമായ ജനകീയ സംവിധാനം ഒരുക്കുമെന്നും പ്രസിഡന്റ് സി.ശ്രീകുമാർ അറിയിച്ചു.