നാദസ്വര അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ്, ഭക്തജനങ്ങളെ കോരിത്തരിപ്പിച്ച പാണ്ടിമേളപ്പെരുക്കം; ഭക്തിസാന്ദ്രമായി കൊരയങ്ങാട് തെരു ക്ഷേത്രമഹോത്സവം


കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര മഹോത്സവത്തിന്റെ ഏഴാം ദിവസം താലപ്പൊലി ദിവസമായ ഇന്നലെ നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി. വൈകുന്നേരം കേളികൊട്ടിനു ശേഷം 7 മണിയോടെ നാദസ്വരത്തിന്റെ അകമ്പടിയോടെയാണ് താലപ്പൊലി എഴുന്നള്ളിപ്പ് ആരംഭിച്ചത്.

ഈങ്ങാപ്പുറം ബാബു, പനമണ്ണ മനോഹരന്‍, മച്ചാട് സുബ്രഹമണ്യന്‍, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, ശ്രീജിത് മാരാമുറ്റം, ഷമില്‍ കീഴൂര്‍, തിരുവങ്ങാട് രാജേഷ്, തിരുവള്ളൂര്‍ ഗിരീഷ് , സാജു കൊരയങ്ങാട്, എന്നീ മേളപ്രമാണിമാരുടെ നേതൃത്വത്തില്‍ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറില്‍പരം കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ ഏറ്റവും സവിശേഷമായ പാണ്ടിമേളപ്പെരുക്കം നാദ പെരുമഴ തീര്‍ത്ത് വാദ്യ ആസ്വാദകരെ ഹര്‍ഷപുളകിതരാക്കി.

രാത്രി ഏഴ് മണിയോടെ താലപ്പൊലി പറമ്പില്‍ നിന്നും ആരംഭിച്ച മഞ്ഞ താലപ്പൊലിയും ക്ഷേത്രസന്നിധിയിലെത്തിയതോടെ ക്ഷേത്രപരിസരം ഭക്തജന സഹസ്രങ്ങളാല്‍ നിറഞ്ഞു. രാത്രി വര്‍ണ്ണ വൈവിധ്യങ്ങളുടെ മായാജാലമൊരുക്കി നടന്ന കരി മരുന്ന് പ്രയോഗം ആകാശവിസ്മയം തീര്‍ത്തു.

Summary: Korayangad Theru Temple Festival with devotion