ഇടവേളയ്ക്കു ശേഷം പണ്ടാട്ടി വന്നു, ഭക്തരെ കാണാൻ; ആഘോഷത്തിമിർപ്പിൽ കൊരയങ്ങാട് തെരുവിലെ വിഷു ആഘോഷങ്ങൾ
കൊയിലാണ്ടി: വർഷത്തെ ഇടവേളയ്ക്കു ശേഷം പണ്ടാട്ടി വീണ്ടും വന്നു, ഭക്തരെ കാണാൻ… ആഘോഷത്തിമിർപ്പിലാണ് കോരയങ്ങാട് തെരു.. കോവിഡ് മൂലം രണ്ടു വർഷമായി നടത്താനാവാഞ്ഞ പണ്ടാട്ടി വരവാണ് ഇത്തവണ വിഷുദിനത്തിൽ ആവേശപൂർവം ഭക്തർ കൊണ്ടാടിയത്. ഗണപതി ക്ഷേത്രം കേന്ദീകരിച്ച് ആചാരപൂർവ്വം കൊണ്ടാടുന്ന പണ്ടാട്ടി വരവ് ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.
മേട സംക്രമ ദിനത്തിൽ വൈകുന്നേരം വേഷപ്രഛന്നരായ ശിവപാർവ്വതിമാർ, പണ്ടാരത്തെയും അനുചര സംഘത്തോടൊപ്പം ഗണപതി ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് ഗുരു കാരണവന്മാരെ വന്ദിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങൾ അറിയാനായി ഗൃഹ സന്ദർശനത്തിനിറങ്ങി. യാത്രാ മദ്ധ്യേ ദർശിച്ച ഭക്തരെ ശിവപാർവ്വതിമാർ ആലിംഗനം ചെയ്ത് അനുഗ്രഹം ചൊറിഞ്ഞാണ് മടങ്ങിയത്. ആളാരവങ്ങളോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആബാലവൃദ്ധം ഭക്തർ പണ്ടാട്ടിയെ സ്വീകരിച്ചാനയിച്ചു. വീടുകളിൽ ഒരുക്കിയ സമൃദ്ധവും വർണ്ണാഭവുമായ കാഴ്ചയും കണ്ടാണിവർ മടങ്ങിയത്.
പനങ്ങാടൻ കണ്ടിവിനോദ് ,തിരുമുമ്പിൽ അമിത്തുമാണ് ഇത്തവണ ശിവപാർവ്വതി വേഷധാരിമാരായത്. പി.പി.ബിജു പണ്ടാരമായി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടു കൂടിയായ കുന്നക്കണ്ടി ബാലനും. പുത്തൻപുരയിൽ ബിജു, പി.കെ.ഗോപാലനുമാണ് ശിവപാർവതിയെയും പണ്ടാരത്തെയും ചമയമണിയിച്ചത്.
ഉത്തരകേരളത്തിലെ പത്മശാലിയ സമുദായത്തിൽ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന വിഷുദിനാഘോഷം കൂടിയാണിത്. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് ചപ്പ കെട്ട്, ചോയി കെട്ട്, യോഗി പുറപ്പാട് തുടങ്ങി വിവിധ പേരുകളിൽ ഇതറിയപ്പെടാറുണ്ട്. പണ്ടാട്ടിയുടെ വേഷവിധാനങ്ങളും ഏറെ പ്രത്യേകതയാർജ്ജിച്ചതാണ്. വാഴയുടെ തണ്ടോട് കൂടിയ ഉണങ്ങിയ ഇലകളാണ് ഇതിനായി ഉപയോഗിക്കുക. ശരീരത്തിൽ ഇവ അടുക്കി വെച്ച് കെട്ടുകയും ശിരസ്സിൽ വാഴ ഇല കൊണ്ട് കിരീടം ചൂടും ചെയ്യും. ഉണങ്ങിയ ചകിരിത്തുമ്പ് കൊണ്ട് മേൽ മീശ വെച്ച് ഗാംഭീര്യം വരുത്തുന്നതിനോടൊപ്പം വെള്ളരിക്ക വട്ടത്തിൽ മുറിച്ച് കാതുകളിലും അണിയും. പണ്ടാട്ടി ആഘോഷം ശിവ-പാർവ്വതി സംഗമത്തിന്റെ ദിവ്യമുഹൂർത്തത്തെയാണ് വിളിച്ചോതുന്നത്.