‘ചക്കക്കായ് കൊണ്ടുവാ, മാങ്ങാക്കായ് കൊണ്ടുവാ… ‘, ‘ഉണങ്ങിയ വാഴയിലകൊണ്ട് ശരീരം മുഴുവന്‍ പൊതിഞ്ഞുകെട്ടി ശിവനും പാര്‍വ്വതിയുമായി അവരെത്തുന്നു; പണ്ടാട്ടി വരവിന് ഒരുങ്ങി കൊരയങ്ങാട് തെരു
കൊയിലാണ്ടി: പണ്ടാട്ടി വരവിന് ഒരുങ്ങി കൊരയങ്ങാട് തെരു. വിഷുദിനത്തിൽ ഉത്തര കേരളത്തിലെ പത്മശാലിയ സമുദായം പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന തനതായ ചടങ്ങുകളിലൊന്നാണ് ‘പണ്ടാട്ടി വരവ്’. കൊയിലാണ്ടി കൊരയങ്ങാട് തെരു ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ വിഷുദിദിന കാഴ്ച പ്രാദേശിക ഭേദമനുസരിച്ച് ‘ചപ്പുകെട്ട്’, ‘യോഗി പുറപ്പാട്’ എന്നിങ്ങനെയും അറിയപ്പെടുന്നു. വാഴയുടെ ഉണക്കയില ശരീരം മുഴുവൻ പൊതിഞ്ഞുകെട്ടുന്ന വേഷമായതുകൊണ്ടാണ് ഈ ആഘോഷം ‘ചപ്പുകെട്ട്’ എന്ന പേരിലറിയപ്പെടുന്നത്.
പണ്ടാട്ടി ആഘോഷത്തിന് പിന്നിൽ ശിവ-പാർവ്വതി സംഗമത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും ഐതിഹ്യമാണുള്ളത്. വിഷുദിനത്തിൽ ശിവനും പാർവ്വതിയും വേഷം മാറി പ്രജകളുടെ ഇടയിൽ ക്ഷേമാന്വേഷണത്തിനായി എത്തുന്നു എന്നാണ് സങ്കല്‍പം. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നു പേരാണ് വേഷമിടുക. ഒരാൾ യോഗിയാണ് എന്നാണ് സങ്കൽപം. ഈ യോഗി പ്രജകളുടെ അസുഖങ്ങൾക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായ രീതിയിൽ പച്ചമരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യും.
വൈകുന്നേരം മൂന്നു തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്ത ശേഷമാണ് പണ്ടാട്ടിയും സംഘവും വീടുകയറൽ ആരംഭിക്കുക. ക്ഷേത്ര ഊരാളന്മാരുടേയും ഗുരു കാരണവന്മാരുടേയും വീടുകളിലാണ് ആദ്യ സന്ദർശനം. കുട്ടികളും മുതിർന്നവരും പടക്കം പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേൽക്കും. പണ്ടാട്ടി എത്തുന്നതിന് മുൻപ് വീടും പരിസരവും ചാണകം തളിക്കും. അകത്തളത്തിൽ പുൽപ്പായ വിരിച്ച് നിലവിളക്ക് തെളിയിക്കും. നിറനാഴി, ധാന്യം, കണിവെള്ളരി, അപ്പം എന്നിവ കാണിക്കയായി വെക്കും. പണ്ടാട്ടി അകത്ത് പ്രവേശിക്കുന്നതോടെ ‘ചക്കക്കായ് കൊണ്ടുവാ, മാങ്ങാക്കായ് കൊണ്ടുവാ… ‘എന്നിങ്ങനെ കൂടെയുള്ളവർ ഉറക്കെ പറയും.
മടക്കയാത്ര തുടങ്ങുന്നതോടെ വീടുകളിൽ കാണിക്കവെച്ച ധാന്യവും നാളികേരവും മറ്റും സംഘത്തിലെ സഹായി ഏറ്റുവാങ്ങും. ഗൃഹ സന്ദർശനത്തിനുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഇവ ഭക്തർക്ക് വീതിച്ചുനൽകുകയാണ് പതിവ്.
Description: Korayangad Street is ready for Pandatti's arrival