കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് 26 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസ്; കൂരാച്ചുണ്ട് സ്വദേശിയായ പ്രതി പൊലീസ് പിടിയില്‍


Advertisement

പേരാമ്പ്ര: കാവുന്തറയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങള്‍ക്ക് ശേഷം പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മുസ്തഫ എന്ന മുത്തു ആണ് പിടിയിലായത്.

Advertisement

2024 മെയ് മാസത്തില്‍ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം രാത്രി വീടിന്റെ മുന്‍ഭാഗം ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 26 പവന്‍ സ്വര്‍ണവും 25,000 രൂപയും മോഷ്ടിക്കുകയായിരുന്നു. ഈ കേസില്‍ പൊലീസ് നേരത്തെ മുസ്തഫയെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും തെളിവുകളില്ലാത്തതിന്റെ പേരില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പ്രതിയിലേക്ക് എത്തിയതോടെ മുസ്തഫ ഒളിവില്‍ കഴിയുകയായിരുന്നു.

Advertisement

പ്രതി കോഴിക്കോട് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. സ്‌ക്വാഡും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ മുസ്തഫയുടെ കൂട്ടാളിയായ ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്. ഇയാള്‍ കേരളത്തിന് പുറത്തേക്ക് കടന്നതായി സംശയമുണ്ട്.

Advertisement

അഞ്ച് മാസമായിട്ടും പ്രതിയെ കിട്ടാതിരുന്ന ഈ കേസില്‍ കോഴിക്കോട് റൂറല്‍ ടു നിധിന്‍ രാജ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കുകയും ഡി.വൈ.എസ്.പി സ്‌ക്വാഡ് ഈ കേസിന്റെ അന്വേഷണത്തിലേക്ക് തെളിവുകള്‍ ശേഖരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Summary: A case of breaking into a house and stealing 26 pavans of gold and a quarter of a lakh of rupees; The accused, a native of Koorachund, is in police custody