അച്ഛന്റെ കൈപിടിച്ച്‌ എഴുത്തിലേക്ക്; ഇന്ന് ‘അച്ഛനറിയാതെ’യുടെ കഥാകാരിയായി കൊയിലാണ്ടി സ്വദേശി കോമളം രാധാകൃഷ്ണന്‍


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി കോമളം രാധാകൃഷ്ണനെ സംബന്ധിച്ച് ജനുവരി 21 വെറുമൊരു ദിനമല്ല. കാലങ്ങളായി താന്‍ മനസില്‍ കൊണ്ടു നടന്ന ആ വലിയ ആഗ്രഹത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അന്ന്. ‘അച്ഛനറിയാതെ’ എന്ന തന്റെ ആദ്യ ചെറുകഥാസമാഹാരം കവി മേലൂര്‍ വാസുദേവന്‍ പ്രകാശനം ചെയ്ത ആ നിമിഷം ഇപ്പോഴും വിശ്വസിക്കാന്‍ കോമളത്തിന് സാധിച്ചിട്ടില്ല.

കൊയിലാണ്ടി മുത്താമ്പി റോഡില്‍ തുളസി വീട്ടില്‍ കോമളം മലയാളം അധ്യാപകനായ അച്ഛന്‍ കുഞ്ഞിരാമന്‍ നമ്പീശന്റെ പാത പിന്തുടര്‍ന്നാണ് എഴുത്തിലേക്ക് വരുന്നത്. പീഡിഗ്രി കാലത്ത് ഒരു ചന്ദത്തിരിയുടെ രൂപം തന്നിട്ട് ”ഇതിനെക്കുറിച്ച് നീ ഒരു കഥ എഴുതിയേ” എന്ന അച്ഛന്റെ ആ വാക്കുകളില്‍ നിന്നാണ് ഇന്ന് 14 ചെറുകഥകളുള്ള ഒരു കഥാസമാഹാരം കോമളം എഴുതിയത്. വിവാഹശേഷവും എഴുത്തും വായനയും തുടര്‍ന്ന കോമളത്തിന് പിന്നീട് പ്രോത്സാഹനവുമായി ഭര്‍ത്താവ് ഡോ.രാധാകൃഷ്ണന്‍ വന്നതോടെയാണ് ജീവിതം കുറച്ചൂകൂടി കളറായത്.

പിന്നീട് കഥയും ചെറുകഥയുമായി കുറേ മാഗസീനുകളില്‍ എഴുതി. ഇതിനിടയിലാണ് എന്തുകൊണ്ട് ഒരു ചെറുകഥാസമാഹാരം പുറത്തിറക്കിക്കൂടാ ? എന്ന ആശയം കോമളത്തിന്റെ മനസില്‍ വരുന്നത്. ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് കൂടി ആയതോടെ കോമളത്തിനും ആവേശമായി.

നമ്മുടെ നിത്യ ജീവിതത്തിലെ ആളുകളുടെ കഥയാണ് അച്ഛനറിയാതെ എന്ന പുസ്തകം. നമുക്ക് കണ്ട് പരിചയമുള്ള പലരെയും ഈ പുസ്‌തകത്തില്‍ കാണാന്‍ സാധിക്കും. കുടുംബാന്തരീക്ഷത്തില്‍ മാതൃത്വത്തിന് പ്രാധാന്യം നല്‍കി എഴുതിയ കഥകള്‍ ഇതിനോടകം തന്നെ വായനക്കാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

അച്ഛനറിയാതെ, നിധി, മാതൃദിനം, ഓര്‍മകളില്‍ തനിയെ, സമര്‍പ്പണം, ഓളങ്ങള്‍ നിലയ്ക്കുമോ, തരുമോ ഒുരു ജന്മം കൂടി, ഒരു സ്വപ്‌നം പോലെ, ക്രിസ്മസ് കാര്‍ഡ്, ചന്ദനത്തിരി, തീര്‍ത്ഥയാത്ര, പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി, സ്വപ്‌ന സദനം, ഗേള്‍ഫ്രണ്ട്‌ എന്നിങ്ങനെ 14 ചെറുകഥകളാണ് സമാഹാരത്തിലുള്ളത്.

ഭൂമിയില്‍ നിന്നും പോവുന്നതിന് മുമ്പ് നമ്മുടേതായ എന്തെങ്കിലും ഇവിടെ അവശേഷിപ്പിക്കണം എന്ന ചിന്തയില്‍ നിന്നാണ് എഴുത്തിലേക്ക് കോമളം സീരിയസായി ശ്രദ്ധിച്ച് തുടങ്ങിയത്. തന്നെപ്പോലെയുള്ള വീട്ടമ്മമാര്‍ക്ക് അച്ഛനറിയാതെ എന്ന പുസ്തകം ഒരു പ്രചോദനമാവണമെന്നും എല്ലാവരും എഴുതാനും പുസ്തകങ്ങള്‍ വായിക്കാനും ശ്രമിക്കണമെന്നും കോമളം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി രാകേഷ്‌ ഹോസ്പിറ്റലിലെ ഡോക്ടറാണ് ഭര്‍ത്താവ് രാധാകൃഷ്ണന്‍. ഭാര്യയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും ഇനിയും പുസ്തകങ്ങള്‍ എഴുതാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.