കാത്തിരിപ്പ് അവസാനിച്ചു, കൊയിലാണ്ടിയുടെ ഉത്സവനാളുകള്‍ ഇതാ വന്നെത്തി; കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം കൊടിയേറി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം.

കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നാണ് ആദ്യവരവ് ഉച്ചയ്ക്ക് 12 മണിയോടെ പിഷാരികാവ് ക്ഷേത്രത്തിലെത്തുക. തുടര്‍ന്ന് കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും എത്തും.

കൊടിയേറ്റ ദിവസം രാവിലെ തന്നെ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. അവധിക്കാലമായതിനാല്‍ തിരക്കേറിയിട്ടുണ്ട്. ശേഷം ഉച്ചയ്ക്ക് 1.30 : ഉച്ചപൂജ, വൈകീട്ട് കാഴ്ചശീവേലി, സദനം രാജേഷ് മാരാരുടെ മേളപ്രമാണം, ദീപാരാധന, സോപാന സംഗീതം, രാത്രി 7 മണി കരിമരുന്ന് പ്രയോഗം, രാത്രി 7.15 ന് കേരള കലാമണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിഴാവ് തായമ്പക & നൃത്തസന്ധ്യ എന്നിവ നടക്കും.