‘മൊഞ്ചുള്ളൊരു പാട്ടുംകൊണ്ട് ഒടനേ വരുന്നുണ്ടേ…’; പുതിയ പാട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രിയഗായകന്‍ കൊല്ലം ഷാഫി, ഒപ്പം വലിയൊരു സര്‍പ്രൈസും


കൊയിലാണ്ടി: തന്നിലെ കലാ വെെഭവം പ്രകടമാക്കാൻ മികച്ചൊരു വേദി കിട്ടിയിരുന്നെങ്കിൽ എന്നാ​ഗ്രഹിക്കാത്ത കലാ പ്രതിഭകൾ ഉണ്ടാവില്ല. സം​ഗീതം, നൃത്തം, അഭിനയം തുടങ്ങിയ മേഖലകളേതും ആവട്ടെ, വേദി വഹിക്കുന്ന പങ്ക് പ്രസക്തമാണ്. ഇത്തരത്തിൽ കഴിവുകളുള്ള കലാപ്രതിതിഭകളെ പരിചയപ്പെടുത്താൻ പാട്ടുമായി എത്തുകയാണ് കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട കൊല്ലം ഷാഫി.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ടുമായി വീണ്ടും ആരാധകർക്ക് മുന്നിലേക്കെത്തുന്ന വിവരം അദ്ദേഹം പങ്കുവെച്ചത്. മ്മളെ കൊയ്‌ലാണ്ടീലെ “മുഹബ്ബത്ത്” മുട്ടിപ്പാട്ടിന്റെ കുട്ട്യോളൊപ്പം മൊഞ്ചുള്ളൊരു പാട്ടുംകൊണ്ട് ഒടനെ വരുന്നുണ്ടേ … എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ​ഗായകർക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

കഴിവുകളുള്ള കലാകാരന്മാർക്ക് തന്നാൽ കഴിയുന്ന തരത്തിൽ മികച്ചൊരു വേദിയൊരുക്കാനാണ് ഇത്തരത്തിൽ പാട്ടുകളുമായെത്തുന്നതെന്ന് കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കലാ പ്രകടനം പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഒരു അവസരം, അവരുടെ കഴിവുകളിലൂടെ ഉയർച്ചകളിലെത്താൻ പിന്നീടവർക്ക് സാധിക്കും. പ്രോത്സാഹനം നൽകി കൂടെ നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നേരത്തെയും അത്തരം പരിപാടി സംഘടിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ദിവസം തന്റേ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും യൂട്യൂബിലൂടെയും വീഡിയോ റിലീസ് ചെയ്യും. ആറ് പ്രതിഭകളെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്, അവരെ നെഞ്ചോട് ചേർത്തേക്കണെയെന്നും അദ്ദേഹം പറഞ്ഞു. ഷാഫി ഒരുക്കിയ പുതിയ സർപ്രെെസ് എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.