ഗാനമേളയുടെ പേരില്‍ പത്തുലക്ഷത്തിലധികം രൂപ പിരിച്ചെടുത്ത് സംഘാടകര്‍ മുങ്ങി; ആസ്വാദകരെ നിരാശരാക്കാതെ സൗജന്യമായി പാടി കൊല്ലം ഷാഫിയടക്കമുള്ള ഗായകര്‍
കൊല്ലം: ഗാനമേളയ്ക്കുവേണ്ടി പിരിച്ചെടുത്ത പണവുമായി പരിപാടിക്ക് തൊട്ട് മുമ്പ് സംഘാടകര്‍ മുങ്ങിയതോടെ ഒത്തുകൂടിയ ആസ്വാദകര്‍ക്കുമുമ്പില്‍ സൗജന്യമായി പാടി കൊല്ലം ഷാഫിയടക്കമുള്ള ഗായക സംഘം. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളമ്പിച്ചി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ നിലാവ് പരിപാടിയിലാണ് പണത്തിനുമപ്പുറം ആസ്വാദകരോടുള്ള കമിറ്റ്‌മെന്റ് നിറവേറ്റി ഷാഫിയടക്കമുള്ള ഗായകര്‍ ആരാധകരുടെ മനംകവര്‍ന്നത്.
മെഗാ ഇവന്റിന്റെ പേരില്‍ സംഘാടകര്‍ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നു. പ്രമുഖ ട്രൂപ്പിന്റെ ഗാനമേളയെന്ന പ്രവേശന കൂപ്പണ്‍ അച്ചടിച്ചായിരുന്നു പണപ്പിരിവ്. കൊല്ലം ഷാഫി, കണ്ണൂര്‍ ഷെരീഫ്, രഹ്ന എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാനമേളയ്ക്കുവേണ്ടി സ്ഥലത്തെത്തി. മാസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്തവരെല്ലാം പരിപാടി കാണാനായി നേരത്തെ തന്നെ സ്ഥലംപിടിച്ചു. ഗാനമേള തുടങ്ങുന്നതിന് തൊട്ടുമുമ്പ് സംഘാടകര്‍ സ്ഥലംവിട്ടു.
‘നിങ്ങളെ നിരാശരാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഈ പ്രോഗ്രാം ഇവിടെ ചെയ്യുന്നത്’ എന്നു പറഞ്ഞുകൊണ്ട് ഗാനമേള സംഘം പാടിത്തുടങ്ങിയതോടെ ആരാധകര്‍ക്കും ആവേശമായി. മൂന്നുമണിക്കൂറോളം നീണ്ടു ഈ പരിപാടി.
കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ രണ്ടുപേരാണ് ഗാനമേള പരിപാടിയുടെ പേരില്‍ പണംപിരിച്ച് മുങ്ങിയത്. ഗാനമേള ട്രൂപ്പിന്റെ ഉടമ സുബൈര്‍ പയ്യന്നൂര്‍ ഇവര്‍ക്കെതിരെ ചന്ദേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.