കൊല്ലം പിഷാരികാവിലെ വടയനകുളത്തിന് സമീപം മണ്ണിട്ട് നികത്താന്‍ ശ്രമം, ദേവസ്വത്തിന്റെ സ്ഥലത്ത് പ്രവൃത്തി നടന്നത് വഴിയൊരുക്കാനെന്ന പേരില്‍; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ പണി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വില്ലേജ് ഓഫീസർ


കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള വടയനകുളത്തിന്റെ സമീപം മണ്ണിട്ട് നികത്തുന്നതായി പരാതി. ക്ഷേത്ര ഭരണ സമിതിയുടെ അനുവാദത്തോടെയാണ് മണ്ണിടല്‍ എന്നാണ് ആരോപണം. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മണ്ണിടല്‍ നിര്‍ത്തിവെച്ചു. സ്ഥലം സന്ദര്‍ശിച്ച വിയ്യൂര്‍ വില്ലേജ് ഓഫീസർ പ്രവൃത്തിക്ക് സ്റ്റോപ് മെമ്മോ നല്‍കി.

ദേവസ്വത്തിന്റെ കൈവശമുള്ള സ്ഥലത്തേക്ക് വഴിയൊരുക്കാന്‍ എന്ന പേരിലാണ് മണ്ണിടല്‍ നടത്തിയതെന്നും, നിലവിലുള്ള വഴിക്ക് പുറമേയാണ് പുതിയ പാത നിര്‍മ്മിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. വലിയ വീതിയിലാണ് മണ്ണിട്ട് പാതയൊരുക്കിയതെന്നും അവര്‍ പറയുന്നു.

വടയനകുളം നികത്തുന്നതെന്ന പേരിലുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജഗദീഷ് പ്രസാദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരു വശത്തുള്ള മണ്ണ് മറ്റൊരു വശത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. വടയനകുളം നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ നേരത്തെ തയ്യാറാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് നേരിട്ട് ദേശീയപാതയിലേക്ക് എത്തുന്ന തരത്തില്‍ കുളത്തിന് മുകളിലൂടെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം വടയനക്കുളത്ത് മണ്ണിട്ടതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസര്‍ നടപടിയെടുത്തു. പ്രവൃത്തി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതിക്ക് വില്ലേജ് ഓഫീസർ കെ.പി രമേശന്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. അനുവാദമില്ലാതെയാണ് മണ്ണിട്ടതെന്നും, വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്ത് മണ്ണിടാന്‍ അനുവാദമില്ലെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചെന്നും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.