ഒരുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു


കൊയിലാണ്ടി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു. ശ്രീപുത്രന്‍ ടി. തൈക്കണ്ടി (കൊല്ലം), ഉണ്ണികൃഷ്ണന്‍.സി ചെട്ട്യാം കണ്ടിതാഴെ (കൊല്ലം), രാധാകൃഷ്ണന്‍ പി.പി ശ്രീനിലയം (വിയൂര്‍), ബാലകൃഷ്ണന്‍.എം. തൃപുര (അരിക്കുളം) എന്നിവരാണ് നിയമിക്കപ്പെട്ടത്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ കൊട്ടിലകത്ത് ബാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുതായി നിയമിതരായ ട്രസ്റ്റിമാര്‍ ചുമതലയേറ്റു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ് യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷ കാലത്തിലധികമായി പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനം വിവിധകാരണങ്ങളാല്‍ തടസ്സപ്പെട്ടു കിടക്കുകയായിരുന്നു.

ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്‍കൈ എടുക്കാറുള്ള സര്‍ക്കാര്‍ പ്രതിനിധികളില്ലാത്തത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിരുന്ന പല കീഴ് വഴക്കങ്ങളും ഇല്ലാതാകാന്‍ ഇടയാക്കിയിരുന്നു. പാരമ്പര്യ ട്രസ്റ്റിമാരുടെ പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അവരുടെ ദൈനംദിന ഇടപെടലുകളെ ബാധിക്കാറുണ്ട്.

2022 മാര്‍ച്ച് മാസത്തിലാണ് ട്രസ്റ്റി ബോര്‍ഡില്‍ അതുവരെയുണ്ടായിരുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ കാലാവധി പൂര്‍ത്തിയായത്. എന്നാല്‍ അതിനുശേഷം പുതിയ നിയമനം നടത്താന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്സാഹം കാട്ടിയില്ല. ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലര്‍ ക്ഷേത്ര നിയമവുമുയി ബന്ധപ്പെട്ട ചില ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പിഷാരികാവില്‍ സര്‍ക്കാര്‍ പ്രതിനിധികളെ നിയമിക്കേണ്ടതില്ലെന്ന വാദവുമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിയമനം ഒരു മാസകാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ കാലവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിനിധികളുടെ നിയമനം വൈകിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.