ഇനി കാത്തിരിപ്പിന്റെ നാളുകൾ; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്. മഹോത്സവത്തിന് മാർച്ച് 29ന് കൊടിയേറും. ഏപ്രിൽ 4ന് വലിയ വിളക്ക്, 5ന് കാളിയാട്ടം നടക്കും. കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറന്ന് ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് വിളിച്ചറിയിച്ചത്. പ്രഭാത പൂജയ്ക്കുശേഷം രാവിലെ ഒമ്പതുമണിയോടെ പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ നമ്പീശന്റെയും, കോട്ടൂർ ശശികുമാർ നമ്പീശന്റെയും കാര്‍മ്മികത്വത്തിലായിരുന്നു കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്.
ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, കീഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദന്‍, പാരമ്പര്യേതര ട്രസ്റ്റിമാരായ സി.ഉണ്ണിക്കൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, പി.പി.രാധാകൃഷ്ണന്‍, ടി.ശ്രീപുത്രന്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്. ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.