ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങളുടെ വയറും മനസും നിറച്ച് ഭക്ഷണക്കമ്മിറ്റി; ഉത്സവദിവസങ്ങളില്‍ അന്നദാനത്തിനെത്തിയത് ശരാശരി നാലായിരത്തിലധികം ഭക്തന്മാര്‍
കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആഘോഷപരിപാടികള്‍ക്കൊപ്പം തന്നെ ഭക്തരുടെ വയറും മനസും നിറച്ച് ക്ഷേത്രത്തിലൊരുക്കിയ ഭക്ഷണവും. ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണമൊരുക്കുകയും പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഇടനല്‍കാതെ, പരമാവധി ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറച്ച് അന്നദാനം നിര്‍വഹിക്കുകയും ചെയ്യുന്ന ഭക്ഷണക്കമ്മിറ്റി കയ്യടിനേടുകയാണ്.
ക്ഷേത്രത്തിലെ ഓഫീസിന് പിറകിലായി വാങ്ങിയ സ്ഥലത്ത് പണിത അഞ്ച് നില കെട്ടിടത്തിലെ ആദ്യ രണ്ട് നിലകളാണ് ഊട്ടുപുരയായി പ്രവര്‍ത്തിക്കുന്നത്. അവസാന ഘട്ട പണികള്‍ ചിലത് ബാക്കിയാണെങ്കിലും കാളിയാട്ടം കൊടിയേറിയത് മുതല്‍ ഈ ഊട്ടുപുരയില്‍ നിന്നാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നത്. രണ്ട് നിലകളിലായി ഒരേസമയം അറുനൂറ് പേര്‍ക്ക് സൗകര്യപ്രദമായി ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങള്‍ ഇവിടെയുണ്ട്. മുകളിലത്തെ നിലയില്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും പൊലീസ്, സ്റ്റാഫ് കമ്മിറ്റി അംഗങ്ങള്‍, മെഡിക്കല്‍ യൂണിറ്റ് തുടങ്ങിയവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. താഴെയാണ് ഭക്തര്‍ക്കായി സൗകര്യമൊരുക്കിയത്.
പ്രഭാത പൂജയ്ക്കുശേഷം തുടങ്ങുന്ന പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവുമാണുള്ളത്. പ്രഭാതഭക്ഷണം പതിനൊന്ന് മണിവരെയാണ്. ഇതിനായി ഉപ്പുമാവോ സ്‌പോണ്‍സറുകളുണ്ടെങ്കില്‍ ഇഡ്‌ലിയോ ഒക്കെയാണ് നല്‍കി വന്നത്. പതിനൊന്നരയോടെ അന്നദാനം തുടങ്ങും. രണ്ടരവരെയാണ് സമയമെങ്കിലും ഭക്തജനത്തിരക്കേറിയതിനാല്‍ നാലുമണിക്കുശേഷവും അന്നദാനം തുടര്‍ന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ ജലേഷ് കണിയംകുന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കൊടിയേറ്റദിവസം അഞ്ചായിരത്തോളം ആളുകളാണ് അന്നദാനത്തിനെത്തിയത്. ദിവസം ശരാശരി നാലായിരത്തിലധികം പേര്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയിട്ടുണ്ടെന്നാണ് ഭക്ഷണക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടുതലാണ്. വലിയ വിളക്ക് ദിനമായ ഇന്ന് ഏഴായിരത്തിലേറെ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷണച്ചിലവ് ദേവസ്വം തന്നെയാണ് നോക്കുന്നത്. ഇതിനു പുറമേ പിഷാരികാവ് ഊരാളന്മാരായ എട്ടുവീട്ടില്‍ തറവാട്ടുകാര്‍ ചില ദിവസങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്യാറുണ്ട്, ചിലര്‍ സാധനങ്ങള്‍ കാണിക്കയായി നല്‍കും. ഭക്തരും ഭക്ഷ്യസാധനങ്ങള്‍ സമര്‍പ്പിക്കാറുണ്ട്.
ഭക്ഷണ പാചകം ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ തന്നെയാണ് വിളമ്പാനുള്ള ചുമതല കൂടി ഏറ്റെടുത്തിരുന്നത്. എന്നാല്‍ തിരക്ക് കൂടിയതിനാല്‍ ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി വളണ്ടിയര്‍മാരും കൂടി സഹായത്തിനെത്തിയിട്ടുണ്ട്. വലിയ വിളക്ക് ദിവസമായ ഇന്ന് ക്രമാതീതമായ തിരക്ക് കണക്കിലെടുത്ത് രണ്ട് കൗണ്ടറുകളിലായാണ് ഭക്ഷണം വിളമ്പുന്നത്.
കാളിയാട്ടത്തിന് പുറമേ ക്ഷേത്രത്തില്‍ ഗുരുതി നടക്കുന്ന ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളിലും അന്നദാനം മുന്നോട്ടുകൊണ്ടുപോകണമെന്ന ആലോചനയുണ്ട്. ഊട്ടുപുരയുടെ ശേഷിക്കുന്ന പണികള്‍ കൂടി കഴിഞ്ഞാല്‍ ഇതിന് യാതൊരു തടസവുമുണ്ടാവില്ലെന്നാണ് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.