മൂന്ന് ബഡ്ജറ്റുകളില്‍ തുക വകയിരുത്തിയിട്ടും റോഡ് വികസനം കടലാസില്‍; കുണ്ടും കുഴിയുമായി മേപ്പയ്യൂര്‍-കൊല്ലം റോഡ്
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയ്യൂര്‍-കൊല്ലം റോഡിന്റെ വികസനം വെറും കടാസില്‍ മാത്രം. മൂന്ന് ബഡ്ജറ്റുകളില്‍ റോഡ് വികസനത്തിനായി 39 കോടി വകയിരുത്തിയെങ്കിലും അറ്റകുറ്റപണി നടത്തിയ റോഡ് വീണ്ടും പലയിടങ്ങളിലും കുണ്ടും കഴിയുമായി.
കൊല്ലം നെല്ലാടി റോഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിലൂടെ 38.98.57866 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
9.8 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കൊല്ലം മേപ്പയൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടത്തേണ്ടത്. ഗതാഗത കുരുക്ക് മൂലം ഇവിടുത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇടുങ്ങിയ വഴിയും റെയില്‍വേ ഗേറ്റും ആയിരുന്നു ഗതാഗത കുരുക്കിലെ പ്രധാന വില്ലന്മാര്‍. റോഡ് വികസനത്തോടെ ഇതിനൊരു പരിഹാരമാകും. കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക.
നിരവധി ബസുകള്‍ മേപ്പയൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും ഇതുവഴി കടന്നു പോകുന്നുണ്ട്. കുറ്റ്യാടി, നാദാപുരം, ചെറുവണ്ണൂര്‍, ആവള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയായത് കൊണ്ട് നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ദേശീയ പാതയില്‍ പയ്യോളിക്കും കൊയിലാണ്ടിക്കുമിടയില്‍ ഗതാഗത തടസ്സങ്ങളുണ്ടാവുമ്പോള്‍ കൊയിലാണ്ടിയിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടുന്നതും ഇത് വഴി തന്നെ.
മൂന്നു ബഡ്ജറ്റുകളില്‍ തുടര്‍ച്ചയായി ഫണ്ട് വകയിരുത്തിയ റോഡിന് എന്നാല്‍ കിഫ് ബി ഡിസൈന്‍ റിവ്യൂവിനു വേണ്ടി സര്‍വേ നടത്തുകയും ടെണ്ടര്‍ പ്രകാരം കല്ലിടല്‍ നടന്നിട്ടുണ്ടെന്നും കെ.ആര്‍.എഫ്.ബി അധികൃതര്‍ പറയുന്നു. സ്ഥലമേറ്റെടുക്കലിനു വേണ്ടി കലക്ടര്‍ നിയോഗിച്ച കൊയിലാണ്ടി സ്‌പെഷല്‍ തഹ്‌സില്‍ദാര്‍ കെ.മുരളീധരന്‍ പറയുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ കെ.ആര്‍.എഫ്.ബി ഇതേ വരെ കല്ലിട്ടില്ല എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് അതിന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നവീകരണത്തിനായി വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ എന്നി നാലു വില്ലേജുകളിലെ മൊത്തം 16555 ഹെക്ടര്‍ ഭൂമി നവീകരണത്തിനായി വേണ്ടി ഏറ്റെടുക്കേണ്ടതായുണ്ട്.
പുതിയ റോഡ് ഏഴ് മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്യുന്നത്. ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉണ്ടാവും. 20 കള്‍വെര്‍ട്ടുകള്‍ പുതുതായി പണിയും. 19 എണ്ണത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 22 ബസ് ഷെല്‍ട്ടറുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതയില്‍ കൊല്ലം അങ്ങാടിയില്‍ നിന്നാണ് മേപ്പയൂര്‍ റോഡിലേക്ക് കടക്കുക. കൊല്ലം അങ്ങാടി തന്നെ വീതി കുറഞ്ഞ ഇടമായതിനാല്‍ ഗതാഗത കുരുക്ക് പതിവാണ്. അതിനോടൊപ്പം കൊല്ലം റെയില്‍വേ ഗെയിറ്റ് കൂടി അടയ്ക്കുന്നതോടെ പ്രശ്‌നം രൂക്ഷമാകും. കൊല്ലം മുതല്‍ നെല്യാടിക്കടവ് വരെയുളള ഭാഗത്ത് റോഡില്‍ വളവും തിരിവുമാണ്. വീതിയുമില്ല. രണ്ടു ബസുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ യാത്രക്കാര്‍ക്കു പോലും പേടിയാണ്. ബസുകള്‍ മുട്ടി ഉരുമ്മും.
കീഴരിയൂര്‍ മേപ്പയൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കല്ലങ്കി കയറ്റമാണ് ഇതില്‍ ഏറെ ദുഷ്‌കരം. അപകട സാധ്യത മേഖലകളും ഇതിലുണ്ട്. വടേകൊടക്കാട്ട് താഴെ വളവും അപകട വളവു തന്നെ. ഈ വളവുകള്‍ നിവര്‍ത്താനുള്ള നടപടിയും റോഡ് വികസനത്തില്‍ പെടും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങളായി. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്നത് കൊല്ലം മേപ്പയൂര്‍ റോഡിനെ ക്രോസ് ചെയ്തു കൊണ്ടാണ്. അവിടെ ഈ റോഡിന്റെ അണ്ടര്‍ പാസ് നിര്‍മാണം തുടങ്ങി കഴിഞ്ഞു.
ജില്ലയിലെ വടക്കുകിഴക്കന്‍ മേഖലകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ കൊല്ലം റോഡ് പണി മെല്ലെ പോകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.