പെട്രോള്‍ നിറച്ച കുപ്പിയുമായി ടവറിനു മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി; ആക്രമിച്ച് താഴെയിറക്കി കടന്നല്‍ക്കൂട്ടം



ആലപ്പുഴ: ആത്മഹത്യാ ഭീഷണി മുഴക്കി പെട്രോള്‍ നിറച്ച കുപ്പിയുമായി ബി.എസ്.എന്‍.എല്‍ ടവറില്‍ കയറിയ യുവതിയെ കടന്നല്‍ കൂട്ടം ആക്രമിച്ചു. കായംകുളം ബി.എസ്.എന്‍.എല്‍ ഓഫീസ് അങ്കണത്തിലെ ടവറില്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

23 വയസുകാരിയായ തമിഴ്‌നാട് സ്വദേശിയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളില്‍ കയറിയത്. കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചതോടെ യുവതി അലറി വിളിച്ച് സ്വയം താഴെയിറങ്ങുകയായിരുന്നു. യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. ഭര്‍ത്താവിനോടൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ ജീവനക്കാര്‍ പൊലീസിനെയും അഗ്നിക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ടവറിനു ചുറ്റും വലവിരിച്ച് മുന്‍കരുതലെടുത്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചുകൊണ്ടിരിക്കെ യുവതിയുടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പി താഴെ വീണു. ഇതോടെ അവര്‍ ടവറിന് കൂടുതല്‍ ഉയരത്തിലേക്ക് കയറാന്‍ തുടങ്ങി. കടന്നലുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവതി ചെവിക്കൊണ്ടില്ല. കടന്നല്‍ക്കൂട്ടം ഇളകി ആക്രമണം തുടര്‍ന്നതോടെ യുവതി സ്വയം താഴേക്ക് ഇറങ്ങുകയായിരുന്നു.

കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തടിച്ചുകൂടിയവരും ഓടി. യുവതിയ്ക്ക് പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് പ്രഥമശ്രുശ്രൂഷ നല്‍കി. ദേഹത്തുനിന്നും കടന്നലുകളെ നീക്കം ചെയ്ത് ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

ഭര്‍ത്താവിനെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് യുവതിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ഏപ്രില്‍ 13ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍ വെച്ച് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് കുട്ടിയെ എടുത്ത് പോകുകയായിരുന്നുവെന്നും തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.