കൊയിലാണ്ടി കൊല്ലത്തിന്റെ മുഖച്ഛായ മാറുന്നു…; ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മാര്‍ക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങി
കൊല്ലം: കൊയിലാണ്ടി നഗരസഭ ആധുനിക സൗകര്യങ്ങളോടെ കൊല്ലത്ത് നിര്‍മ്മിച്ച മാര്‍ക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങി. മാര്‍ച്ച് 18 ന് കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കം.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷത വഹിക്കും. കൊയിലാണ്ടിയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി കൊല്ലം ടൗണില്‍ ദേശീയ പാതയ്ക്ക് സമീപം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം.
1.5 കോടി രൂപ ചിലവില്‍ ഏറ്റെടുത്ത സ്ഥലത്ത് ഒരു കോടി രൂപ ചിലവിലാണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ക്കറ്റിന്റെ വിപുലീകരണത്തിനായി പുതിയ പദ്ധതിയില്‍ ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. പിഷാരികാവ് ക്ഷേത്രവും പാറപ്പള്ളിയുംസ്ഥിതി ചെയ്യുന്ന കൊല്ലത്തിന്റെ ഭാവി വികസനത്തിന് മാര്‍ക്കറ്റ് മുല്‍ക്കൂട്ടാവും. കാലപ്പഴക്കം കൊണ്ടുശോചനീയമായ നിലവിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റ് ഇതോടെ പുതിയ മാര്‍ക്കറ്റിലേക്ക് മാറും.
നിലവില്‍ ആറ് ഷോപ്പുകളും 22 ഓളം മത്സ്യ വില്ലനക്കാര്‍ക്ക് കച്ചവടം നടത്താനുള്ള സൗകര്യവുമാണ് മാര്‍ക്കറ്റിലുള്ളത്. വിപുലീകരണം നടത്തുന്നതോടെ സൗകര്യങ്ങളും വര്‍ധിക്കും.