എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം, കട്ടയ്ക്ക് കൂടെ നിന്ന് രക്ഷിതാക്കളും; ഒരുദിവസം നീണ്ട കലാവിരുന്നായി കൊല്ലം എല്‍.പി സ്‌കൂളിലെ വാര്‍ഷികാഘോഷം
കൊല്ലം: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിലെ 149ാം വാര്‍ഷിക ആഘോഷം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ഹൃദ്യമായ കലാവിരുന്നായി. പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തെ മൈതാനത്തെ രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി ഒരു മണിവരെ നീണ്ടു. നാട്ടുകാരും രക്ഷിതാക്കളും അടങ്ങിയ നിറഞ്ഞ സദസ്സ് കയ്യടികളോടെയാണ് കുഞ്ഞുകലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയത്.
രാവിലെ പത്തുമണിക്ക് കുട്ടികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. എല്‍.കെ.ജി മുതല്‍ നാലാം തരംവരെയുള്ള കുരുന്നുകള്‍ പാട്ടും നൃത്തവും കഥപറച്ചിലുമൊക്കെയായി അരങ്ങുതകര്‍ത്തപ്പോള്‍ സദസ്സിലിരുന്നവര്‍ അറിയാതെ കയ്യടിച്ചുപോയി. ഉച്ചയ്ക്ക് രണ്ട് മുതല്‍ അംഗനവാടി കുട്ടികളുടെ പരിപാടികളും നടന്നു.
രാത്രി വിദ്യാര്‍ഥികളുടെ നൃത്തപരിപാടികള്‍ ആരംഭിച്ചതോടെ പിഷാരികാവ് പരിസരത്തെ പ്രദേശവാസികളില്‍ മിക്കവരും സദസ്സിലുണ്ടായിരുന്നു. കുട്ടികളുടെ ഒപ്പനയും സംഘനൃത്തവുമെല്ലാം തിരുവാതിരക്കളിയുമെല്ലാം അതിഗംഭീരമായെന്നത് കയ്യടിയിലൂടെ അറിയാമായിരുന്നു.
വൈകുന്നേരം അഞ്ചുമണിക്കാണ് പൊതുസമ്മേളനം ആരംഭിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബിനിത.ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ ഫക്രുദ്ദീന്‍ മാസ്റ്റര്‍
അധ്യക്ഷനായിരുന്നു. ജാനുതമാശ ഫെയിം ലിധിലാല്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ കഴിഞ്ഞവര്‍ഷത്തെ എല്‍.എസ്.എസ് വിജയികളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗിരീഷ് കുമാര്‍ ഇ.പി.അനുമോദിച്ചു. സചിത്ര സംയുക്ത ഡയറി പ്രകാശനം ബി.പി.സി ദീപ്തി ഇ.പി നിര്‍വഹിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള ശ്രീ രാഘവൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് പുരസ്കാര വിതരണം കൊട്ടിലകത്ത് ബാലൻ നായർ നിർവഹിച്ചു.
ഇളയിടത്ത് വേണുഗോപാല്‍, മനോഹരി തെക്കയില്‍, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.ചിന്നന്‍ നായര്‍, അഡ്വ.രാധാകൃഷ്ണന്‍, പി.അജയകുമാര്‍, അണേല ബാലകൃഷ്ണന്‍ മാസ്റ്റര്‍, സജിൻനാഥ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എ.പി.സുധീഷ് നന്ദി പറഞ്ഞു.