പ്രയാസങ്ങള്‍ സഹിച്ച് മീന്‍വാങ്ങിയ കാലത്തിന് വിട; ആധുനിക സൗകര്യങ്ങളോടെയുള്ള കൊല്ലം മത്സ്യമാര്‍ക്കറ്റിലേക്കാകട്ടെ ഇനി മീന്‍വാങ്ങാനുള്ള യാത്ര



കൊല്ലം: നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊയിലാണ്ടി നഗരസഭയുടെ ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യമാര്‍ക്കറ്റ് കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കൊയിലാണ്ടിയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി കൊല്ലം ടൗണില്‍ ദേശീയപാതയ്ക്ക് സമീപത്തായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.50കോടി രൂപ ചെലവഴിച്ച് സ്ഥലംവാങ്ങി ഒന്നരകോടി രൂപ മുതല്‍ മുടക്കിയാണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്.

നിലവില്‍ മാംസവും പച്ചക്കറികളും വില്‍ക്കാനായി ആറ് ഷോപ്പുകളും ഒരേസമയം 22 ഓളം മത്സ്യ വില്ലനക്കാര്‍ക്ക് കച്ചവടം നടത്താനുള്ള സൗകര്യവുമാണ് മാര്‍ക്കറ്റിലുള്ളത്. വിപുലീകരണത്തിനായുള്ള ഫണ്ട് പുതിയ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളില്‍ നിലകൂടി സൗകര്യപ്രദമാക്കുന്ന രീതിയിലാണ് വിപുലീകരണ പദ്ധതികള്‍ നടക്കുക. വിപുലീകരണം നടത്തുന്നതോടെ സൗകര്യങ്ങളും വര്‍ധിക്കും.

പിഷാരികാവ് ക്ഷേത്രവും പാറപ്പള്ളിയും സ്ഥിതി ചെയ്യുന്ന കൊല്ലത്തിന്റെ ഭാവി വികസനത്തിന് ഇത് ഏറെ സഹായകരമാകും. കൊണ്ടാടുംപടി ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റ് ആയിരുന്നു ഇതുവരെ നഗരസഭയിലുണ്ടായിരുന്നത്.

മത്സ്യമാര്‍ക്കറ്റ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്, കെ.ഷിജു, ഇന്ദിരടീച്ചര്‍, പ്രജില.സി, നിജില പറവക്കൊടി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. സുനില്‍മോഹന്‍, ഇ.എസ്.രാജന്‍, ജയ്കിഷ് മാസ്റ്റര്‍, സുരേഷ് മേലേപ്രം, ഹമീദ്, ഓട്ടൂര്‍ പ്രകാശ്, സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളി. മുനിസിപ്പല്‍ എഞ്ചിനിയര്‍ അരവിന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു.ഡി.എഫ് പ്രതിനിധികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.