ഏത് വറ്റാത്ത കിണറും വറ്റിക്കുന്ന കൊടും വേനല്‍: എന്നാല്‍ കൊയിലാണ്ടിയുടെ ഈ ഭാഗത്തെ കിണറുകള്‍ മുമ്പത്തേക്കാള്‍ ജലസമൃദ്ധം.. കാരണമുണ്ട്



കൊല്ലം: മുമ്പെങ്ങുമില്ലാത്തതരത്തില്‍ ചൂട് കൂടിയിട്ടും വേനല്‍മഴ കനിയാതിരുന്നിട്ടും കൊല്ലം ചിറയും പരിസരപ്രദേശങ്ങളിലെ കിണറുകളും ജലസമൃദ്ധം. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ചിറയിലും പരിസരത്തെ വീടുകളിലും ഇപ്പോഴുമുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചെറുതുംവലുതമായി നൂറോളം കുളങ്ങളുള്ള കൊയിലാണ്ടിയിലെ വരള്‍ച്ച നേരിടാന്‍ ജലസ്രോതസ്സുകള്‍ നവീകരിച്ച് സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുയരുമ്പോഴാണ് അതിന് ഏറ്റവും വലിയ തെളിവായി കൊല്ലം ചിറ നിലകൊള്ളുന്നത്.

ഈ കൊടുംവേനലിലും ചിറയിലും പരിസര പ്രദേശത്തെ വീടുകളിലും വലിയ തോതില്‍ വെള്ളം താഴ്ന്നിട്ടില്ലെന്ന് പ്രദേശവാസിയായ ദാസൂട്ടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുമ്പൊക്കെ വെള്ളം താഴ്ന്ന് ചിറയുടെ മിക്ക ഭാഗങ്ങളിലും അടി കാണാം എന്ന സ്ഥിതിയാവാറുണ്ടായിരുന്നു. എന്നാല്‍ നവീകരിച്ച് സംരക്ഷിച്ചതിനുശേഷം വലിയ മാറ്റം വന്നിട്ടുണ്ടെന്നും ദാസൂട്ടി വ്യക്തമാക്കി.

കൊല്ലം ചിറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുഡ് മോണിങ് ഹെല്‍ത്ത് ക്ലബ്ബിന്റെ പരിശീലകനും പ്രദേശവാസിയുമായ അജയകുമാറും ഈ അഭിപ്രായം ശരിവെക്കുന്നു. ചിറയിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് വെള്ളം അല്പം കുറവാണ്. പത്തുമീറ്റര്‍ മാറി ഒരാള്‍ക്ക് മുകളില്‍ വെള്ളം ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തന്റേതടക്കം പല കിണറുകളിലും മുന്‍കാലങ്ങളില്‍ വെള്ളം നന്നായി താഴാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളം ഈ വേനലിലുമുണ്ടെന്നും അജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കൊയിലാണ്ടിയില്‍ ചെറുതുംവലുതുമായി നൂറോളം കുളങ്ങളുണ്ട്. ഇവ സംരക്ഷിക്കപ്പെടുന്നതിലൂടെ നഗരസഭയിലെ ജനദൗര്‍ലഭ്യത്തിന് വലിയൊരു പരിധിവരെ പരിഹാരമാകും.

2018 ഡിസംബറിലാണ് കൊല്ലം ചിറ നവീകരണം പൂര്‍ത്തിയാക്കിയത്. അതിനുശേഷം 12 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ ചിറ വലിയൊരു ജലസംഭരണിയായി നിലകൊള്ളുന്നു. പ്രദേശത്തെ വരള്‍ച്ചയില്‍ നിന്നും വലിയ തോതില്‍ സംരക്ഷിക്കാന്‍ ഈ ചിറയ്ക്ക് കഴിയുന്നുണ്ടെന്നാണ് നാട്ടുകാരുടെയും പരിസരവാസികളുടെയും വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വേലനവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പഠിക്കാനും, കുളിക്കാനും ആശ്രയമായും ഈ ചിറ മാറിക്കഴിഞ്ഞു. ദൂരെ നാടുകളില്‍ നിന്ന് പോലും നീന്തല്‍പഠിക്കാന്‍ എത്തുന്നവര്‍ ഏറെയാണ്.

ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കി ആറുവര്‍ഷമാകുമ്പോഴും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഇകടലാസില്‍ ഒതുങ്ങിക്കിടക്കുകയാണ്. ചിറയുടെ സൗന്ദര്യവത്കരണവും ടൂറിസം വികസനവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ സാങ്കേതികമായ തടസങ്ങള്‍ കാരണം ഇത് എന്ന് തുടങ്ങാന്‍ കഴിയുമെന്ന് പോലും അധികൃതര്‍ക്ക് പറയാനാവുന്നില്ല.