ആസ്വാദകരുടെ ഖല്‍ബും കട്ട് സത്യം വിളിച്ചു പറഞ്ഞ കള്ളന്‍ കുമരു; തുടര്‍ച്ചയായി എട്ടാംതവണയും ഹയര്‍ സെക്കണ്ടറി നാടക മത്സരത്തില്‍ ഒന്നാമതെത്തി കോക്കല്ലൂര്‍ സ്‌കൂള്‍


പേരാമ്പ്ര: കോഴിക്കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടി. ‘കുമരു” എന്ന നാടകമാണ് ഇവര്‍ അവതരിപ്പിച്ചത്. പ്രശസ്ത തിയേറ്റര്‍ നാടക പ്രവര്‍ത്തകനായ എമില്‍ മാധവിയുടെ 2021 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘കുമരു ‘ എന്ന കൃതിയുടെ സ്വതന്ത്ര നാടക ആവിഷ്‌കാരമാണിത്.

ഹയര്‍സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ ഇത് തുടര്‍ച്ചയായി എട്ടാം തവണയാണ് ഈ വിദ്യാലയം സംസ്ഥാന തലത്തിലേക്ക് മത്സരത്തിന് എത്തുന്നത്. നാടകത്തില്‍ കുമരുവായി വേഷമിട്ട യെദു കൃഷ്ണ റാം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യന്റെ സ്വത്വത്തെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവന്‍ അതിനെ എങ്ങിനെ അതിജീവിക്കുന്നുവെന്ന് മനോഹരമായി കാട്ടിത്തരികയാണ് ‘കുമരു’.

കള്ളന്റെ മകനായി പിറന്നവനെ കള്ളനാക്കുവാനുള്ള പണികള്‍ ചെയ്യുന്ന നാട്ടുകാര്‍ തന്നെ പിന്നീട് കുമരുവിനെ സത്യസന്ധനാക്കുന്നു. ഒടുവില്‍ പണക്കാരനായി മാറുന്ന കുമരു തന്റെ സുഹറയോടുള്ള പ്രണയം തന്നെയാണ് തന്റെ സ്വത്വം എന്ന് ഉറക്കെ പറയുന്നിടത്ത് നാടകം അവസാനിക്കുന്നു. കാണികളിലേക്ക് സുഹറയുടെ അത്തറിന്റെ ഗന്ധം പോലും എത്തിച്ച കുമരു എന്ന നാടകം നാടക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി മാറി.

അഭിനയ. എസ്.കെ, യദുകൃഷ്ണ റാം, റിയോണ. സി, നന്ദന. ഇ , രുദാജിത്ത് .ആര്‍, നിയ രഞ്ജിത്ത്, അനുനന്ദ് രാജ്, അനുദേവ്. വി.എസ്, ശിവേന്ദു.പി.എസ്, പ്രാര്‍ത്ഥന എസ് കൃഷ്ണ എന്നീ വിദ്യാര്‍ത്ഥികളാണ് ഈ നാടകത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തത്. കോക്കല്ലൂര്‍ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി.എസ് നിവേദാണ് നാടകം സംവിധാനം ചെയ്തത്.

ഈ നാടകത്തിന് കലാ സംവിധാനം ഒരുക്കിയത് നിധീഷ് പൂക്കാടാണ്. തുടര്‍ച്ചയായി എട്ടാം വര്‍ഷവും
ജി. എച്ച്.എസ്.എസ് കോക്കല്ലൂരിന് വേണ്ടി നാടകമൊരുക്കുന്നത് ഈ വിദ്യാലയത്തിലെ നാടക പ്രേമികളായ അധ്യാപകരുടുയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാടക കൂട്ടായ്മയായ ‘മാവറിക്കസ് ക്രീയേറ്റീവ് കളക്റ്റീവ് കോക്കല്ലൂര്‍’ എന്ന നാടക സംഘമാണ്.

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ‘കലാസമിതി ‘ എന്ന നാടകത്തിന്റെയും ഇപ്പോള്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ‘കുമരു’ നാടകത്തിന്റെയും ചുമതല വഹിക്കുന്നത് ഹയര്‍ സെക്കന്ററി അധ്യാപകരായ രാമചന്ദ്രന്‍ കല്ലിടുക്കില്‍, മുഹമ്മദ് സി അച്ചിയത്ത് എന്നീ അധ്യാപകരാണ്.