കൊയിലാണ്ടിയില്‍ ഇനി ആഘോഷങ്ങളുടെ നാളുകള്‍; അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്റ്റേജ് പരിപാടികള്‍, ഫുഡ് കോര്‍ട്ട്, ഫാമിലി ഗെയിം തുടങ്ങി നിരവധി പരിപാടികള്‍, ‘കൊയിലാണ്ടി ഫെസ്റ്റ്’ ഡിസംബര്‍ 20 മുതല്‍


കൊയിലാണ്ടി: മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്‌കോസ് ആഭിമുഖ്യത്തിലുള്ള കൊയിലാണ്ടി ഫെസ്റ്റ് ഡിസംബര്‍ 20 മുതല്‍ ജനുവരി 5 വരെ നടക്കും. വൈകീട്ട് മൂന്ന് മുതല്‍ രാത്രി 9.30 വരെ കൊയിലാണ്ടി റെയില്‍വേ പാലത്തിന് സമീപം മുത്താമ്പി റോഡിനു കിഴക്കുവശം ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുക.


നിരവധി അമ്യൂസ്‌മെന്റ് ഉപകരണങ്ങള്‍, വ്യാപാര സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഫാമിലി ഗെയിം, കാര്‍ഷിക നഴ്‌സറി എന്നിവ കൂടാതെ സ്റ്റേജ് പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഫെസ്റ്റ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചെയര്‍മാനും എം. ബാലകൃഷ്ണന്‍ കണ്‍വീനറുമായി 101 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്.

കോംപ്‌കോസ് പ്രസിഡണ്ട് അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് ടി.കെ. ചന്ദ്രന്‍, നഗരസഭ സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷരായ കെ.ഷിജു , കെ. ഇന്ദിര എന്നിവര്‍ സംസാരിച്ചു. എം. ബാലകൃഷ്ണന്‍ സ്വാഗതവും ടി. മോഹനന്‍ നന്ദിയും പറഞ്ഞു.

Summary: koiyilandy-i-fest-under-the-auspices-of-multi-purpose-cooperative-society-compcos-from-december-20