3 ദിവസങ്ങളിലായി 16 മണിക്കൂര്‍; സോഷ്യല്‍മീഡിയയില്‍ തരംഗമായി കോടിയേരി സഖാവിന്റെ നൂല് ചിത്രം, നൂലില്‍ വിസ്മയം തീര്‍ത്ത മേപ്പയ്യൂര്ക്കാരന് റിജീഷിന്റെ വിശേഷങ്ങള്‍
മേപ്പയ്യൂര്‍: വെറും നൂലും ആണിയും കൊണ്ട് മനുഷ്യ മുഖങ്ങളുടെ ചിത്രമുണ്ടാക്കി നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് മേപ്പയ്യൂര്ക്കാരന് റിജീഷ്. താന്‍ തയ്യാറാക്കിയ സഖാവ് കോടിയേരിയുടെ നൂല് ചിത്രം ഫേസ്ബുക്കില്‍ വന്‍ സ്വീകാര്യതയാണ് റിജീഷിന് സമ്മാനിച്ചിരിക്കുന്നത്.
4500മീറ്റര്‍ (ഏകദേശം നാലര കിലോമീറ്റര്‍ പരം ദൂരം) നൂലും 200 ആണിയും ഉപയോഗിച്ചാണ് കോടിയേരിയുടെ നൂല് ചിത്രം റിജീഷ് തയ്യാറാക്കിയിരിക്കുന്നത്. 3 ദിവസങ്ങളിലായി 16 മണിക്കൂര്‍ സമയം എടുത്ത് വൈറ്റ് ബോര്‍ഡില്‍ മറ്റൊരു സ്കെച്ചുമില്ലാതെ നൂലു കൊണ്ടു മാത്രം ഡിസൈന്‍ ചെയ്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോടിയേരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് ചിത്രം കൈമാറുകയും ചെയ്തിട്ടുണ്ട്.
കോടിയേരിയ്ക്ക് പുറമെ ചലച്ചിത്ര താരം മോഹന്‍ ലാലിന്റെ നൂല് ചിത്രവും റിജീഷ് നിര്‍മ്മിച്ചിട്ടുണ്ട്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് റിജീഷ് നൂല് ചിത്ര നിര്‍മാണം ആരംഭിച്ചത്. ഫോണിലൂടെ യൂട്യൂബിലും ഫേസ്ബുക്കിലും വരുന്ന വീഡിയോകള്‍ കണ്ടാണ് റിജീഷ് ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പഠിച്ചത്.
ആദ്യ പരീക്ഷണം എന്ന നിലയില്‍ രണ്ട് സുഹൃത്തുകളുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അത് എല്ലാവര്ക്കും ഇഷ്ടപ്പെടുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്തതോടെ റിജീഷ് പിന്നീട് കോടിയേരിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു.
മേപ്പയ്യൂരിലെ കോണ്ട്രാക്റ്റ് തൊഴിലാളിയാണ് റിജീഷ്. ജോലി തിരക്കിനിടയില്‍ ഇടവേളകളിലാണ് റിജീഷ് ത്രെഡ് വര്‍ക്കിനായി സമയം മാറ്റി വെക്കുന്നത്. പിറന്നാള്‍ സമ്മാനമായും കല്യാണ സമ്മാനമായും ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേര് തന്നെ സമീപിക്കാറുണ്ടെന്ന് റിജീഷ് വടകര ഡോട് ന്യൂസിനോട് പ്രതികരിച്ചു.
പൂര്‍ണമായ ഏകാഗ്രതയാണ് നൂല് വര്‍ക്കിന് വേണ്ടതെന്നും ശ്രദ്ധയൊന്ന് മാറിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രൂപത്തില്‍ മാറ്റു വന്നു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂല് ചിത്ര നിര്‍മ്മാണത്തിനോടൊപ്പം ചിത്രം വരയ്ക്കുന്നതും റിജീഷിന്റെ മറ്റൊരു താല്പര്യമാണ്. തന്റെ അനുജന്റെയും മക്കളുടെയും ചിത്രങ്ങളെല്ലാം വരച്ച് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ചിത്ര രചനയോടൊപ്പം തന്നെ നല്ലൊരു ഗായകനായും റിജീഷ് തിളങ്ങിയിട്ടുണ്ട്.
മേപ്പയൂര്‍ ഇരിങ്ങത്ത് കല്ലുംപുറത്താണ് റിജീഷിന്റെ വീട്. അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും പൂര്‍ണ പിന്തുണയാണ് റിജീഷ് എന്ന കലാകാരനെ പൂര്‍ണനാക്കുന്നത്.