കൊടക്കാട് ശ്രീധരന്മാസ്റ്റരുടെ കവിതകളുടെ സംഗീതാവാവിഷ്‌കാരം; ശ്രീധരന്‍ മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി നവംബര്‍ 1ന്


പയ്യോളി: കൊടക്കാട് ശ്രീധരന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 1 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്, പയ്യോളി ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍, എ.ഇ.ഓ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകന്‍, പ്രഭാഷകന്‍, കലാ-സാസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലൊം നാലുപതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന വ്യക്തിയായിരുന്ന ശ്രീധരന്‍ മാസ്റ്ററുടെ ഓര്‍മ്മകള്‍ പുതുക്കുവാനും ഒത്തുചേരാനുമാണ് അനുസമരണ പരിപാടി സംഘടിപ്പിക്കുന്നത്.

കൊടക്കാട് ശ്രീധരന്മാസ്റ്റരുടെ കവിതകളുടെ സംഗീതാവാവിഷ്‌കാരവും ‘തരംഗിണി പയ്യോളി’ ഒരുക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി മാറും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേന്ദ്ര നിര്‍വ്വാഹക സമിതി പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കൂടാതെ ജനകീയാരോഗ്യ പ്രവര്‍ത്തന മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനും കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും കേരളത്തിന്റെ മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗവും കൊടക്കാട് ശ്രീധരന്‍ മാസ്റ്ററുടെ സഹപ്രവര്‍ത്തകനുമായ ഡോ. ബി. ഇഖ്ബാല്‍ ‘നമ്മുടെ ആരോഗ്യം പ്രതിസന്ധിയിലേക്കോ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും ചര്‍ച്ച നയിക്കുകയും ചെയ്യും.

കൊടക്കാട് ശ്രീധരന്‍ മാസ്റ്ററുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് പയ്യോളിയില്‍ രൂപീകരിച്ച കൊടക്കാട് അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ ഡോ.ആര്‍.കെ. സതീഷ് അധ്യക്ഷതവഹിക്കും. കണ്‍വീനര്‍ ജി.ആര്‍ അനില്‍ സ്വാഗതം ആശംസിക്കുകയും ശശികുമാര്‍ വി. നന്ദി രേഖപ്പെടുത്തും. പത്രസമ്മേളനത്തില്‍ ആര്‍.കെ. സതീഷ്, ശശിധരന്‍ മണിയൂര്‍, ജി.ആര്‍. അനില്‍, സുരേഷ് കുമാര്‍ എം.സി. എന്നിവര്‍ പങ്കെടുത്തു.

Summary: Kodakkad Sreedharan Master’s 5th death anniversary commemoration program is being organized on November 1 at Paioli Peruma Auditorium.