പകല്‍വീട്, കാരണവര്‍ക്കൂട്ടം, അയല്‍ക്കൂട്ടങ്ങള്‍…. വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് കൊയിലാണ്ടി നഗരസഭ; അറിയാം വയോജനങ്ങള്‍ക്കായി നഗരസഭ നടപ്പിലാക്കുന്ന പദ്ധതികള്‍


കൊയിലാണ്ടി: വയോജന പരിപാലനത്തില്‍ വ്യത്യസ്തമായ പദ്ധതികളിലൂടെ കേരള സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരം നേടിയിരിക്കുകയാണ് കൊയിലാണ്ടി നഗരസഭ. വയോജന പരിപാലത്തില്‍ മാതൃകയാക്കാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് നഗരസഭയെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

വയോജന നയം അനുശാസിക്കുന്നക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരസഭയുടെ ഭാഗത്തുനിന്നും വയോജനങ്ങള്‍ക്കായി നടപ്പിലാക്കി വരുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം പകല്‍ വീടുകളാണ്. കോമത്തുകാരയിലെ പകല്‍ വീട് പ്രവര്‍ത്തന മികവില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. കൂടാതെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറായി മറ്റു നാല് പകല്‍വീടുകള്‍ കൂടെ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങി കഴിഞ്ഞു. പകല്‍വീട് പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം നീക്കി വച്ചത് ഏഴ് ലക്ഷത്തോളം രൂപയാണ്.

എല്ലാ വാര്‍ഡുകളിലും വാര്‍ഡിലെ മുഴുവന്‍ വയോജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വയോക്ലബുകളും അവയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിവിധ വയോജന മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. വയോജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പ്‌പെടുത്തുന്നതിനായി കാരണവര്‍ക്കൂട്ടം എണ്ണ പേരില്‍ വയോജന ദിനത്തില്‍ നടത്തി വരുന്ന കലാ പരിപാടികളും വിനോദ യാത്രകളും റിലാക്‌സേഷന്‍ പ്രോഗ്രാമുകളും വിവിധ വിഷയങ്ങളിലുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും നഗരസഭയുടെ വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ലക്ഷത്തോളം രൂപ കഴിഞ്ഞ വര്‍ഷം വകയിരുത്തിയിരുന്നു.

മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണാര്‍ത്ഥം വയോജന ജാഗ്രതാ സമിതികളും നഗരസഭയില്‍ സജീവമാണ്. കൂടാതെ, മുനിസിപ്പല്‍ തല ജാഗ്രതാ സമിതിയിലെ സ്ഥിരം അജണ്ടയായി വയോജന ക്ഷേമം ഉള്‍പ്പെടുത്തി നടത്തുകയും ചെയ്യുന്നുണ്ട്. ജാഗ്രതാ സമിതിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേരള വനിതാ കമ്മീഷന്റെ പുരസ്‌കാരവും നഗരസഭക്ക് ലഭിച്ചിട്ടുണ്ട്.

വയോജന അയല്‍ക്കൂട്ടങ്ങളും വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയും തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ മുതിര്‍ന്ന പൗരന്മാരോടുള്ള ആദരവ് കാണിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള അവസരമായി നഗരസഭ നല്ല രീതിയില്‍ നടപ്പാക്കിട്ടിട്ടുണ്ട്. മുന്നൂറോളം വയോജനങ്ങള്‍ക്കാണ് ഇതുവരെ കട്ടില്‍ വിതരണം ചെയ്തത്.

വയോജന ക്ലിനിക്കുകള്‍ നഗരസഭ കാര്യക്ഷമമായി നടപ്പിലാക്കിയ പദ്ധതിയാണ്. 22 സെന്ററുകളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ മരുന്നുകളും പ്രഷര്‍, ഷുഗര്‍ തുടങ്ങിയ ചെക്കപ്പുകളും മാസത്തില്‍ രണ്ട് തവണ ഓരോ സെന്ററില്‍വെച്ചും നടത്താറുണ്ട്. തുടര്‍ന്നും വയോജന പാര്‍ക്ക്, ഫിറ്റ്‌നസ് സെന്ററുകള്‍, അങ്കണവാടി കുട്ടികളുമായുള്ള ഇന്ററാക്ഷന്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ (ഴലിമൃമശേീി ൌിശലേറ) തുടങ്ങിയവയും നടപ്പിലാവാന്‍ പോകുന്ന പദ്ധതികളാണ്.

Summary: Know the schemes implemented by the Koyilandy municipality for the elderly