പ്രവാചകനിന്ദ: അതിവൈകാരികത പരിഹാരമല്ലെന്ന് കൊയിലാണ്ടിയിൽ കെ.എൻ.എം നേതൃസംഗമം


കൊയിലാണ്ടി: രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഹമ്മദ് നബിയെ നിന്ദിച്ചത് പ്രതിഷേധാർഹമാണെന്ന് കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ. കൊയിലാണ്ടിയിൽ ചേർന്ന കോഴിക്കോട് നോർത്ത് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധമുയരണം. എന്നാൽ അത് സമാധാനപരമായിരിക്കണം. ഇസ്ലാമിനു നേരെയുള്ള അവഹേളനത്തിനും പതിനാല് നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. ഇത്തരം സന്ദർഭത്തിൽ അതി വൈകാരികമായ പ്രതികരണങ്ങൾക്കു പകരം പ്രവാചകൻ്റെ വിശുദ്ധമായ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ പകർത്തുകയും അത് ജനങ്ങളോട് പറഞ്ഞ് കൊടുക്കുകയുമാണ് വിശ്വാസികൾ ആദ്യമായി ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെറുപ്പുൽപാദനവും പരമത വിദ്വേഷവും വളർത്തുന്നതിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിൻമാറി രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോർത്ത് ജില്ലാ പ്രസിഡന്റ് വി.പി.അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി മുഖ്യഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ, ട്രഷറർ സി.കെ.പോക്കർ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.പി മൊയ്തു, ഐ.എസ്.എം സംസ്ഥാന ട്രഷറർ ഷബീർ കൊടിയത്തൂർ, സെക്രട്ടറിമാരായ കെ.എം.എ.അസീസ്, നൗഷാദ് കരുവണ്ണൂർ, ജില്ലാ ട്രഷറർ ഷാനവാസ് പൂനൂർ, എം.ജി.എം ജില്ലാ പ്രസിഡന്റ് കെ.മറിയം ടീച്ചർ, എം.എസ്.എം. ജില്ലാ സെക്രട്ടറി ഷമീൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു.


ഫോട്ടോ: കെ.എൻ.എം കോഴിക്കോട് ജില്ലാ നേതൃ സംഗമം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.