ദേശീയപാതയില്‍ ഇരിങ്ങല്‍ ഓയില്‍മില്ലിന് സമീപം ദേശീയപാതയില്‍ മുട്ടോളം വെള്ളം; വന്‍ ഗതാഗതക്കുരുക്ക്


മൂരാട്: ദേശീയപാതയില്‍ ഇരിങ്ങല്‍ ഓയില്‍ മില്ലിന് സമീപം വന്‍ വെള്ളക്കെട്ട്. വെള്ളക്കെട്ട് കാരണം ഇരിങ്ങല്‍ മുതല്‍ വടകര വരെയുള്ള ഭാഗത്ത് വലിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

ഓട്ടോറിക്ഷകളിലും മറ്റും ഉള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. രാവിലെ ആയതിനാല്‍ സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളും മറ്റും ഏറെ ബുദ്ധിമുട്ടുകയാണ്. വടകര ഭാഗത്തേക്കുള്ള വഴിയില്‍ മൂരാട് മുതല്‍ അയനിക്കാട് വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കാണ്. ഓയില്‍മില്‍ സ്റ്റോപ്പില്‍ വെള്ളക്കെട്ടുകാരണം റോഡ് കാണാനാവാത്ത സ്ഥിതിയുണ്ട്.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണ്. നേരത്തെ മഴ തുടങ്ങിയ സമയത്ത് വെള്ളക്കെട്ടുണ്ടായപ്പോള്‍ താല്‍ക്കാലികമായി ചാലുകള്‍ നിര്‍മ്മിച്ച് പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടിരുന്നു. ഈ ചാല് പലഭാഗത്തും അടഞ്ഞതോടെ വെള്ളക്കെട്ട് രൂക്ഷമാകുകയായിരുന്നു.

സ്വകാര്യ ബസുകള്‍ ഗതാഗതക്കുരുക്ക് കാരണം ട്രിപ്പ് കട്ടാക്കുകയാണ്. ദീര്‍ഘദൂര ബസുകള്‍ മണിക്കൂറുകളോളം ഇവിടെ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഓയില്‍മില്‍ വഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. യാത്രക്കാര്‍ ഊടുവഴികളെയും മറ്റും ആശ്രയിച്ചാണ് പോകുന്നത്.

വെള്ളക്കെട്ടുള്ള പലഭാഗത്തും ആഴമുള്ള കുഴികളുണ്ട്. ഈ കുഴികളില്‍പെട്ടുപോകുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയാണ്. അടുത്തിടെ ഇവിടെ ഇത്തരത്തിലുണ്ടായ അപകടത്തില്‍ ഒരുയുവാവ് മരണപ്പെട്ടിരുന്നു.