ശമ്പള പരിഷ്‌കരണ നടപടികള്‍ വൈകിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളി; കൊയിലാണ്ടിയില്‍ നടന്ന എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധാഗ്നിയില്‍ കെ.എം അഭിജിത്ത്
കൊയിലാണ്ടി: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള ഡി.എ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്നും കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള എന്‍.ജി ഒ അസോസിയേഷന്‍ കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ പ്രതിഷേധാഗ്‌നി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട് എം.ഷാജി മനേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബിനു കോറോത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രതീഷ്.വി, സുരേഷ് ബാബു.ഇ, ജില്ലാ വൈസ് പ്രസിഡണ്ട് ഷാജീവ് കുമാര്‍.എം, പ്രദീപ് സായി വേല്‍, ലജീഷ് കുമാര്‍.കെ, ഷീബ.എം, അനില്‍കുമാര്‍.കെ, സിബി.എം.വി, ടി.ടി രാമചന്ദ്രന്‍ തുടങ്ങിയര്‍ സംസാരിച്ചു.