അമ്മയെന്നെഴുതി ആദ്യാക്ഷരം കുറിച്ചുതന്ന ടീച്ചറമ്മയെ കാണാന്‍ ഹൃദയ് മോന്‍ എത്തി; കെ.കെ.ശൈലജ ടീച്ചറെ കാണാന്‍ പുളിയഞ്ചേരിയില്‍ കുഞ്ഞ് ആരാധകന്‍ വന്നപ്പോള്‍


കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് ഏറെ സ്‌പെഷ്യല്‍ ആയിരുന്നു ഇന്ന് പുളിയഞ്ചേരിയില്‍ നടന്ന സ്വീകരണ യോഗം. നാലഞ്ച് മാസം മുമ്പ് മട്ടന്നൂര്‍ വരെ തന്നെത്തേടിയെത്തിയ ഒരു കുഞ്ഞ് ആരാധകന്‍ പുളിയഞ്ചേരിയിലെ ടീച്ചറെ കാത്തിരിപ്പുണ്ടായിരുന്നു. പുളിയഞ്ചേരി സ്വദേശിയായ സുബിജേഷിന്റെയും സോണിയുടെയും മകന്‍ ഹൃദയ്.

xr:d:DAFwHbf4DHM:2505,j:5549984780081395179,t:24040716

2023 ഡിസംബര്‍ 27നായിരുന്നു ഹൃദയും ശൈലജ ടീച്ചറും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. അതും മട്ടന്നൂരിലെ ശൈലജ ടീച്ചറുടെ വീട്ടില്‍ നേരിട്ട് ചെന്ന്. മകന് ആദ്യാക്ഷരം കുറിക്കാന്‍ വേണ്ടിയായിരുന്നു സുബിജേഷും കുടുംബവും ശൈലജ ടീച്ചറെ തേടിയെത്തിയത്. ക്ഷേത്രങ്ങളിലും മറ്റും ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടക്കുമെങ്കിലും സുബിജേഷിന് അതിനോട് താല്‍പര്യമില്ലായിരുന്നു. മകന് ശൈലജ ടീച്ചറെ ഏറെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആദ്യാക്ഷരം കുറിച്ചുനല്‍കാന്‍ ശൈലജ ടീച്ചറെ സമീപിക്കുന്നത്.

സുഹൃത്തുവഴി ബന്ധപ്പെട്ടപ്പോള്‍ വീട്ടിലേക്ക് വരാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഹൃദയ് മട്ടന്നൂരിലെത്തിയത്. മകനെ മടിയിലിരുത്തി ശൈലജ ടീച്ചര്‍ കുഞ്ഞുവിരല്‍ കൊണ്ട് താലത്തില്‍ ‘അമ്മ’ എന്നെഴുതിച്ചു. അടുത്ത ബന്ധമുള്ള ഒരാളുടെ അടുത്തെത്തി സംസാരിക്കുമ്പോലെയാണ് അന്ന് ശൈലജ ടീച്ചറുമായി ഇടപെട്ടപ്പോള്‍ തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്ന് സുബിജേഷും കുടുംബവും പറയുന്നു.

പുളിയഞ്ചേരിയിലെ സ്വീകരണ കേന്ദ്രത്തിനരികിലെ കൊടും ചൂടിനിടയിലും അമ്മയുടെ തോളില്‍ ചാഞ്ഞുകിടന്നിരുന്ന ഹൃദയ് മോനെ കണ്ടപ്പോള്‍ പരിചയം തോന്നിയതുകൊണ്ടാവാം ശൈലജ ടീച്ചര്‍ അടുത്തെത്തി. ‘എനിക്കോർമ്മയുണ്ട്’ എന്നു പറഞ്ഞ് ടീച്ചർ അരികിലെത്തിയപ്പോള്‍ സ്‌നേഹ ചുംബനം നല്‍കിയാണ് ഹൃദയ് സ്വീകരിച്ചത്. പഴയ കൂടിക്കാഴ്ചയുടെ കാര്യം ഓര്‍ത്തും ഹൃദയ് മോനെ കൊഞ്ചിച്ചും  കുടുംബത്തിനൊപ്പം സുഹൃദം പങ്കിട്ടുമാണ് ശൈലജ ടീച്ചർ മറ്റു ശൈലജ ടീച്ചര്‍ മറ്റു തിരക്കുകളിലേക്ക് നീങ്ങിയത്.

നൂറുകണക്കിന് ആളുകളാണ് പുളിയഞ്ചേരിയില്‍ പ്രിയ സ്ഥാനാര്‍ത്ഥിയെ കാണാനെത്തിയത്. കാവടിയാട്ടം, ബാന്‍ഡ് വാദ്യങ്ങള്‍, നൃത്തനൃത്യങ്ങള്‍, സ്ഥാനാര്‍ത്ഥിയുടെ പ്ലക്കാര്‍ഡുകള്‍ എന്നിവയെല്ലാം ഒരുക്കിയാണ് പുളിയഞ്ചേരിക്കാര്‍ ടീച്ചറെ എതിരേറ്റത്.