‘അന്ന് പി.പി.ഇ കിറ്റ് ധരിക്കാതെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അടുത്ത് വന്ന് സംസാരിച്ചത് വലിയ ധൈര്യമായിരുന്നു, ടീച്ചർ പകർന്ന ധൈര്യം ഇന്നും കൈമുതലായുണ്ടെന്ന് അജന്യ’; നിപയെ അതിജീവിച്ച അജന്യയെ ചെങ്ങോട്ടുകാവിലെ വീട്ടിലെത്തി കണ്ട് ശൈലജ ടീച്ചർ


ചെങ്ങോട്ടുകാവ്: 2018ല്‍ സംസ്ഥാനത്ത് ആദ്യ നിപ ബാധയുണ്ടായപ്പോള്‍ അതിനെ അതിജീവിച്ച രണ്ടുപേരിലൊരാളാണ് ചെങ്ങോട്ടുകാവ് സ്വദേശിനിയായ അജന്യ. അന്ന് ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജ ടീച്ചര്‍ നല്‍കിയ പിന്തുണയെയും ധൈര്യത്തെയും കുറിച്ച് അജന്യ പിന്നീട് പലവട്ടം പറഞ്ഞിട്ടുണ്ട്. വടകര ലോക്‌സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശൈലജ ടീച്ചര്‍ ചെങ്ങോട്ടുകാവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ അജന്യയെ കാണാന്‍ മറന്നില്ല. 12 മണിയോടെ ചെങ്ങോട്ടുകാവിലെ വീട്ടിലെത്തിയാണ് ശൈലജ ടീച്ചര്‍ അജന്യയെ കണ്ടത്. തന്നെ സംബന്ധിച്ച് പഴയ ഓര്‍മ്മകള്‍ പലതും മനസില്‍ തെളിഞ്ഞുവന്ന നിമിഷമായിരുന്നു അതെന്ന് അജന്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നഴ്‌സായ അജന്യ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ട്രെയിനിയായി ജോലി ചെയ്യുന്ന കാലത്താണ് നിപ പിടികൂടിയത്. കൊയിലാണ്ടിയിലും ബീച്ച് ആശുപത്രിയിലും ചികിത്സിച്ചിട്ടും പനി മാറാതായതോടെയാണ് മെഡിക്കല്‍ കോളേജിലെത്തിയത്. പത്തുദിവസം ബോധമില്ലാതെ ഐ.സി.യുവിലും ഐസൊലേഷന്‍ വാര്‍ഡിലും കിടന്നു. ചികിത്സയ്ക്കുശേഷം രോഗം വിട്ടുമാറി ആശുപത്രി വിടാറായപ്പോഴും പലരും തന്നെ ചെറിയൊരു പേടിയോടെയാണ് കണ്ടത്. അന്ന് പി.പി.ഇ കിറ്റ് ധരിക്കാതെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ തനിക്കരികിലേക്ക് വന്ന് സംസാരിച്ചത് വലിയ ധൈര്യമായിരുന്നു. അതോടെ മറ്റുള്ളവര്‍ക്കും തന്നോട് ഇടപഴകാന്‍ ധൈര്യമായെന്നും അജന്യ ഓര്‍ക്കുന്നു.

വടകരയില്‍ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും വടകര മണ്ഡലത്തെ സംബന്ധിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് അവരെന്നും അജന്യ അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശൈലജ ടീച്ചര്‍ക്ക് എം.പിയെന്ന നിലയില്‍ വടകരയ്ക്ക് വേണ്ടിയും ഏറെക്കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അജന്യ പ്രത്യാശിച്ചു.

രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായ അജന്യ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. ആര്‍മിയില്‍ ജവാനായ നന്തി വീരവഞ്ചേരി പാറക്കാട് തയ്യില്‍വളപ്പില്‍ അമര്‍ജിത്താണ് ഭര്‍ത്താവ്. ചെങ്ങോട്ടുകാവിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സായി താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന അജന്യ നിലവില്‍ ജോലിയ്ക്ക് പോകുന്നില്ല.