‘നിങ്ങളല്ലാതെ ആര് ജയിക്കാന്‍’; മേപ്പയിലെ 99കാരി സിനിമാനടിയെ നേരില്‍ കണ്ട് കെ.കെ ശൈലജ ടീച്ചര്‍, അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍, വടകരയുടെ മനസ് അറിഞ്ഞ് പ്രചാരണം


വടകര: മേപ്പയിലെ തൊണ്ണൂറ്റൊമ്പത്കാരി സിനിമാനടി ഉച്ചന്റെവിട നാരായണിക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ നേരിട്ട് കണ്ടപ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. അടുത്തിരുന്ന് ഇലക്ഷനെ കുറിച്ച് സംസാരിച്ചപ്പോള്‍ ‘വടകരയില്‍ നിങ്ങളല്ലാതെ ആര് ജയിക്കാനെന്ന്’ ശൈലജയോട് തലയില്‍ കൈവച്ച് പറയുകയും ചെയ്തു.

ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി മേപ്പയില്‍ എത്തിയപ്പോഴായിരുന്നു നാരായണിയെക്കുറിച്ച് ശൈലജ അറിയുന്നത്. പ്രായത്തിന്റെ അവശതകളെ മറന്ന് മലയാള സിനിമയുടെ ഭാഗമായ വടകരക്കാരിയെ പരിചയപ്പെടാതെ പോവാന്‍ ടീച്ചര്‍ക്കും തോന്നീല്ല. നേരെ വീട്ടിലേക്ക് പോയി. നാരായണിയെ കണ്ടു, സിനിമാ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്ത ‘വയസെത്രയായി മൂപ്പത്തി’ എന്ന പുറത്തിറങ്ങാനുള്ള ചിത്രത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു, ഒപ്പം സിനിമ എന്തായാലും കാണുമെന്നും ടീച്ചര്‍ നാരായണി അമ്മയ്ക്ക് ഉറപ്പ് നല്‍കി. ഇതോടെ വീട്ടുകാര്‍ക്കും സന്തോഷമായി. സിനിമയില്‍ പാല്‍ക്കാരിയുടെ വേഷത്തിലാണ് നാരായണി അമ്മ എത്തുന്നത്.

നാരായണി അമ്മയെ കാണാന്‍ ടീച്ചര്‍ വീട്ടിലേക്ക് വരുമെന്ന് അറിഞ്ഞതോടെ സമീപത്തെ വീട്ടിലുള്ളവരെല്ലാം ടീച്ചറെ കാണാനായി വന്നിരുന്നു.

പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പണത്തെ ഗുരുക്കള്‍സ് കളരി ചികിത്സാകേന്ദ്രത്തിലെത്തിയ കെ.കെ ശൈലജക്ക് ഗംഭീര സ്വീകരണമാണ് കളരിയിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നല്‍കിയത്. കടത്തനാടന്‍ അങ്കത്തട്ടില്‍ പൊരുതാനിറങ്ങിയ ടീച്ചര്‍ക്ക് വാളും പരിചയും നല്‍കിയാണ് മുഹമ്മദ് ഗുരുക്കള്‍ കളരിയിലേക്ക് വരവേറ്റത്.

തുടര്‍ന്ന് കൊച്ചു കുട്ടികളുടെ കളരി അഭ്യാസങ്ങള്‍ ഏറെ നേരം കണ്ടതിനു ശേഷമാണ് ടീച്ചര്‍ അവിടെ നിന്നും തിരിച്ചു പോയത്. ഇലക്ഷന് ശേഷം വീണ്ടും ഒരിക്കല്‍ക്കൂടി കളരിയിലേക്ക് വരുമെന്ന് പറഞ്ഞാണ് ടീച്ചര്‍ അടുത്ത കേന്ദ്രത്തിലേക്ക് മടങ്ങിയത്.