ശൈലജ ടീച്ചര്‍ക്കെതിരായ കോവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല, രാഷ്ട്രീയം, ഇപ്പോഴത്തെ സൈബർ ആക്രമണം അംഗീകരിക്കാനാവാത്തത്; കെ.കെ രമ എംഎല്‍എ



വടകര:
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എം.എല്‍.എ. ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും, വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ പറഞ്ഞതിനെ മുഖവിലക്കെടുത്താണ്‌ പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു.

മുഖമില്ലാത്ത ആളുകള്‍ വഴി ലൈംഗിക ചുവയോടെയുള്ള അധിക്ഷേപങ്ങള്‍ ആദ്യത്തെ അനുഭവം അല്ല, സ്ത്രീകള്‍ക്കെതിരായ അശ്ശീല പ്രചാരണം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു. പരാതി നല്‍കി 20ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടിയുണ്ടായില്ല. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

സിപി ഐഎം ജില്ലാ സെക്രട്ടറി 20 ദിവസം മുമ്പ് അധിക്ഷേപം നടക്കുന്നുവെന്ന് പറഞ്ഞതാണ്. എന്നിട്ടും പോലീസ് നടപടിയെടുത്തില്ല. ആരുടെ ഭാഗത്ത് നിന്നായാലും നടപടി ഉണ്ടാവണമെന്നും രമ പറഞ്ഞു.

ശൈലജയ്‌ക്കെതിരായ കോവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല, അത് രാഷ്ട്രീയമാണ്. ബോംബ് രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്. അഴിമതി ചര്‍ച്ച ചെയ്യുമ്പോള്‍ വ്യക്തിപരമായ ആരോപണം എന്ന് പറയുന്നതില്‍ കാര്യമില്ല. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം എന്ന പരാമര്‍ശം അസംബന്ധമാണ്. സൈബര്‍ ആക്രമണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. ഇക്കാര്യത്തില്‍ ടീച്ചര്‍ക്കൊപ്പം നില്‍ക്കുമെന്നും കെ.കെ ശൈലജ നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും കെ.കെ രമ പറഞ്ഞു.

അതേ സമയം സൈബര്‍ അക്രമണവുമായി ബന്ധപ്പെട്ട് കെ.കെ ശൈലജ ടീച്ചര്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച് അസ്ലം, യൂത്ത് ലീഗ് പ്രവര്‍ത്തനായ പേരാമ്പ്ര വാളൂര്‍ സ്വദേശി സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.