എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബി അന്തരിച്ചു


കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായിരുന്നു.

വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ  മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു.

കണ്ണൂർ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്ക്ക് താമസം മാറിയത്. ആദിവാസി വിഭാഗങ്ങൾക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്കാരിക ജീവിതം അടുത്തറിയുകയും ചെയ്തു. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു.

കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിൻ്റെ സാംസ്കാരിക മുഖമായിരുന്ന സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു ബേബി. താൻ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുൻനിർത്തി 1970കളുടെ അവസാനം ബേബി നാടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്കാരിക വേദിയുടെ കീഴിൽ ഈ നാടകം കേരളമെമ്പാടും ബേബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു.

English: Writer and Activist KJ Baby Passed Away