ആറാട്ട് മഹോത്സവ ആവശേത്തില്‍ കീഴൂര്‍ മഹാശിവക്ഷേത്രം; പിലാത്തറ മേളവും ആറാട്ടും പൂവെടിയും നാളെ
പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും നാളെ. ഏറെ പ്രശസ്തമായ വെടിക്കെട്ട് നാളെ രാത്രി കീഴൂര്‍ ചൊവ്വ വയലില്‍ നടക്കും.
പുലര്‍ച്ചെ നാല് മണിക്ക് പള്ളി ഉണര്‍ത്തലും കണികാണിക്കല്‍ ചടങ്ങും നടക്കും. 9.30ന് മുചുകുന്ന് പത്മനാഭന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അരങ്ങേറും. വൈകുന്നേരം 3.30ന് പഞ്ചവാദ്യമേളമുണ്ടാകും.
കുടവരവ്, തിരുവായുധം വരവ്, ഉപ്പുംദണ്ഡ് വരവ്, കാരക്കെട്ട് വരവ്, നാടും ജന്മക്കാരും വരവ് എന്നിവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 6.30ന് കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ യാത്രാബലിക്കുശേഷം ആറാട്ട് എഴുന്നള്ളത്ത് തുടങ്ങും. തുടര്‍ന്ന് പിലാത്തറമേളമുണ്ടാകും. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, കലാമണ്ഡലം ശിവദാസന്മാരാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിലാത്തറമേളം. മേളത്തിന് മുമ്പും ശേഷവും പൂവെടിയുണ്ടാകും.