മൂത്താപ്പയുടെ പിന്മുറക്കാരനായി കോല്‍ക്കളിയെ ജീവിതത്തോട് ചേര്‍ത്തു പിടിച്ചു; കൊയിലാണ്ടിയുടെ സ്വന്തം ഖാലിദ് ഗുരുക്കള്‍ക്ക് ഏറെയുണ്ട് പറയാന്‍


സ്വന്തം ലേഖിക

ബാപ്പയുടെ ജ്യേഷ്ഠന്‍ ഖാദര്‍ ഗുരുക്കള്‍ അറിയപ്പെടുന്ന കോല്‍ക്കളി പരിശീലനകന്‍, തറവാട് വീടിന്റെ മുറ്റത്ത് എപ്പോഴും ഉണ്ടാവും കോല്‍ക്കളി പഠിക്കാനെത്തുന്നവര്‍, ഇതൊക്കെ കണ്ടാണ് താനും കോല്‍ക്കളിയെ പ്രണയിക്കാന്‍ തുടങ്ങിയതെന്നാണ് കൊയിലാണ്ടിയിലെ പ്രശസ്ത കോല്‍ക്കളി പരിശീലകന്‍ ഖാലിദ് ഗുരുക്കള്‍ പറയുന്നത്. കോല്‍ക്കളി പരിശീലകനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ജീവിതവും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെക്കുകയാണ് ഖാലിദ് ഗുരുക്കള്‍.

കോല്‍ക്കളിയുമായി ജീവിച്ച അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇന്ന് കൊയിലാണ്ടിയിലും പരിസരത്തുമായി നൂറുകണക്കിന് പേരുണ്ട് ഖാലിദ് ഗുരുക്കള്‍ക്ക് ശിഷ്യന്മാരായി, കൂടാതെ സംസ്ഥാന കലോത്സവത്തില്‍ പതിവായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെച്ച് കയ്യടി നേടുകയും ചെയ്യുന്ന ടീമിന്റെ പരിശീലകനെന്ന ഖ്യാതിയും.

കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കൊപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ.വി.ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്. ഖാദര്‍ ഗുരുക്കളെയും ശിഷ്യന്മാരെയും കണ്ട് വളര്‍ന്ന ബാല്യം, പതിനാറ് വയസായപ്പോള്‍ തുടങ്ങിയതാണ് തനിക്കും കോല്‍ക്കളി പഠിക്കണമെന്ന ആഗ്രഹം. എല്ലാ പ്രോത്സാഹനവുമായി ഖാദര്‍ ഗുരുക്കള്‍ ഒപ്പം നിന്നു, ഗുരുനാഥനായി പ്രിയ ശിഷ്യന്‍ മമ്മു ഗുരുക്കളുടെ പേര് നിര്‍ദേശിച്ചു. അങ്ങനെ മമ്മു ഗുരുക്കളുടെ ശിഷ്യനായി കോല്‍ക്കളി പഠനം തുടങ്ങി.

മാപ്പിള സ്‌കൂളിലെ അഞ്ചാം തരം പഠനം പാതി വഴി നിര്‍ത്തി. വീട്ടില്‍ പട്ടിണി കാരണം പതിമൂന്നാം വയസ്സു മുതല്‍ മത്സ്യബന്ധത്തിന് പോകാറുണ്ടായിരുന്നു. ജോലിക്ക് കൃത്യമായി പോകാതെ കോല്‍ക്കളി പഠിക്കാന്‍ പോയതിന്റെ പേരില്‍ ബാപ്പായുടെ നീരസം ഒരുപാട് തവണ കേട്ടിട്ടുണ്ട്. എങ്കിലും ഇടയ്ക്ക് ജോലിയും വിടാതെയുള്ള കോല്‍ക്കളി പരിശീലനവും തുടര്‍ന്നു.

മമ്മു ഗുരുക്കളുടെ കൂടെ വിവിധ സ്ഥലങ്ങളിലെ വിവാഹം, സമ്മേളനങ്ങള്‍, സ്‌കൂള്‍, കോളജ്, മദ്രസ വാര്‍ഷികം, നബിദിനം എന്നി പരിപാടികളില്‍ കോല്‍ക്കളി അവതരിപ്പിക്കാനും പോകാറുണ്ടായിരുന്നു. 1989ലാണ് മമ്മു ഗുരുക്കള്‍ മരണമടയുന്നത്. അതോടെ സ്വന്തം നിലയില്‍ തന്നെ അദ്ദേഹം ഏറ്റെടുത്തിരുന്ന ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടുപോകാന്‍ തുടങ്ങി. 1990ലാണ് കലോത്സവത്തിനായി കുട്ടികളെ പരിശീലിപ്പിച്ചത്.

കൊയിലാണ്ടി മാപ്പിള സ്‌കൂളില്‍ കലോത്സവത്തിന് 14 പേരെ പരിശീലിപ്പിച്ചായിരുന്നു തുടക്കം. രണ്ട് മാസത്തെ പരിശ്രമത്തിനൊടുവില്‍ ഇവരെ സബ് ജില്ലാ വരെ എത്തിക്കാനും സാധിച്ചു. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും കലോത്സവത്തില്‍ മത്സരിക്കാനുള്ള ടീമിന് പരിശീലനം നല്‍കി. ഏറെക്കാലം മാപ്പിള സ്‌കൂളിലും പിന്നീട് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടി സ്‌കൂളിലും കുട്ടികൾക്ക് പരിശീലനം നൽകി.

2003 മുതല്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. 2007 മുതല്‍ 15 കൊല്ലമായി കോഴിക്കോട് ജില്ലയില്‍ നിന്ന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിക്ക് സംസ്ഥന തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നു. ഇത്തവണയും തിരുവങ്ങൂര്‍ പതിവ് തെറ്റിച്ചിട്ടില്ല. ജില്ലാ കലോത്സവത്തില്‍ കോടതി വിധിയുടെ പിന്‍ബലത്തില്‍ മത്സരിച്ചാണ് തിരുവങ്ങൂര്‍ സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

കോല്‍ക്കളി എന്ന് കലാരൂപത്തെ നില നിര്‍ത്താനായി കെ.ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘം എന്ന് പേരില്‍ കൊയിലാണ്ടിയില്‍ കഴിഞ്ഞ ആറേഴ് വര്‍ഷമായി പരിശീലന കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. നേരത്തെ വീടിനോട് ചേര്‍ന്നുള്ള ഇടത്തായിരുന്നു പരിശീലനം നടത്തിക്കൊണ്ടിരുന്നത്.

ഈ കല കൊയിലാണ്ടിയില്‍ അന്യം നിന്ന് പോകാതിരിക്കാന്‍ മക്കളായ മുഹമ്മദ് ആഷിഖ്, മുഹമ്മദ് അന്‍ഷിഫ്, മുഹമ്മദ് റാഫി എന്നീ മൂന്ന് പേരും കോല്‍ക്കളിയില്‍ സജീവമാണ്. കോല്‍ക്കളിയല്ലാതെ ഖാലിദ് ഗുരുക്കള്‍ക്ക് പറയത്തക്ക മറ്റ് ഉപജീവനമാര്‍ഗമൊന്നുമില്ല. ഇതിനെ ഒരു വരുമാനമാര്‍ഗമെന്ന രീതിയിലല്ല, കലയോടുള്ള ഇഷ്ടം കൊണ്ടാണ് കൂടെക്കൊണ്ട് നടക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.