പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന ഫെബ്രുവരി 27 ന്


കോഴിക്കോട്: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 27ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിൽ  നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയിൽ നടക്കുന്നത്.

യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം 9 തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കി സംയുക്ത പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകൾക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമേ പരിശോധന കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. 10 വർഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകൾ പരിശോധനക്ക് ഹാജരാക്കാം. പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങൾക്കും എഞ്ചിനുകൾക്കും രജിസ്‌ട്രേഷൻ, മത്സ്യബന്ധന ലൈസൻസ്, FIMS (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എഞ്ചിനുകൾക്കു മാത്രമേ പെർമിറ്റ് അനുവദിക്കൂ.

മണ്ണെണ്ണ പെർമിറ്റിനായുള്ള അപേക്ഷ സ്വീകരിക്കുന്നതിനായി അവസാന തീയതി രണ്ട് തവണ നീട്ടി നൽകിയിരുന്നു. എന്നിരുന്നാലും അവസാന തീയതിയായ ജനുവരി 8ന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കിയ എഞ്ചിനുകളെയും പരിഗണിക്കണമെന്ന അപേക്ഷ മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്. ഇരുന്നൂറോളം ഇത്തരം രജിസ്ട്രേഷനുകൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവയ്ക്കും യഥാസമയം അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്ന അർഹരായവരുടെയും അപേക്ഷകൾ മറ്റൊരു ദിവസം പ്രത്യേകമായി പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അർഹരായ എല്ലാവർക്കും മണ്ണെണ്ണ പെർമിറ്റ് നൽകുക എന്നതാണ് സർക്കാർ നയമെന്നും  അദ്ദേഹം പറഞ്ഞു.