കുന്നും കാടും ചുറ്റി കാട്ടുമൃഗങ്ങളെ കണ്ടുകൊണ്ട് പെരുവണ്ണാമൂഴി റിസര്‍വോയറിലൂടെ ഒരു ബോട്ടുയാത്ര; സോളാര്‍ ബോട്ട് സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും


പേരാമ്പ്ര: പ്രകൃതിയുടെ വരദാനത്താല്‍ അനുഗ്രഹീതമായ കിഴക്കന്‍ മലയോര ഗ്രാമമാണ് പെരുവണ്ണാമുഴി. ഈ ഗ്രാമത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മലബാറിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ട്. പെരുവണ്ണാമൂഴി റിസര്‍വോയറിലൂടെ ബോട്ടുയാത്രയ്ക്ക് തുടക്കമിടുകയാണ് ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്. സോളാര്‍ ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ബോട്ട് സര്‍വ്വീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 27ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ നിര്‍വഹിക്കും.

108 സ്‌ക്വയര്‍ കിലോമീറ്റര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടതാണീ റിസര്‍വോയര്‍. മലബാര്‍ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പെരുവണ്ണാമുഴി, നിരവധി വന്യ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ്. അതുകൊണ്ടുതന്നെ കാടിന്റെയും കാട്ടുമൃഗങ്ങളുടെയും കാഴ്ചകളും മനോഹരമായ ഭൂപ്രകൃതിയും ആസ്വദിച്ചുള്ളതായിരിക്കും ഈ ബോട്ടുയാത്ര.

ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കൊണ്ട് പശ്ചാത്തല സൗകര്യങ്ങള്‍ കൂടി ഒരുക്കി ദൈനദിന സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയുന്നത്. പെരുവണ്ണാമൂഴിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും ഈ ബോട്ട് സര്‍വ്വീസ് എന്ന കാര്യത്തില്‍ സംശയമില്ല.