പഞ്ചായത്തില്‍ രണ്ട് റേഷന്‍ കടകളില്‍ മാത്രം മണ്ണെണ്ണ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുളള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണം. ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ പുറത്തിറക്കി. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ രംഗത്തുവന്നിട്ടുണ്ട്. റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ് ഉത്തരവെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെച്ചു.

റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് സഹകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് റേഷന്‍ വ്യാപാരികള്‍. സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ എഐടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്. റേഷന്‍ കടകളെ രണ്ടു തട്ടില്‍ ആക്കുന്നതാണ് ഈ ഉത്തരവ് എന്ന് എഐടിയുസി ആരോപിക്കുന്നു.