കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 28ാം ജില്ലാ വാര്‍ഷിക സമ്മേളനം ജനുവരി 14ന് കൊയിലാണ്ടിയില്‍; വയോജനങ്ങളോടുള്ള സര്‍ക്കാറിന്റെ അവഗണന ഇനിയും അനുവദിക്കാനാവില്ലെന്ന് ഭാരവാഹികള്‍


കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന വയോജന സംഘടനയുടെ 28ാം ജില്ലാ വാര്‍ഷിക സമ്മേളനം ജനുവരി 14 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍.പി.രവീന്ദ്രന്‍ നഗറില്‍ നടക്കുന്ന പരിപാടി വടകര എം.പി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മുഖ്യ പ്രഭാഷണം നടത്തും.

നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, പി. കുമാരന്‍, കെ.വി. ബാലന്‍ കുറുപ്പ്, ഇ.കെ. അബൂബക്കര്‍ മാസ്റ്റര്‍, സോമന്‍ ചാലില്‍, പൂതേരി ദാമോദരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു.

രാജ്യത്ത് ഇന്ന് വയോജനങ്ങളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന് എന്ന രീതിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ സര്‍ക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൊത്തം പദ്ധതി വിഹിതത്തിന്റെ കേവലം രണ്ടര ശതമാനം മാത്രമാണ് വയോജന ക്ഷേമത്തിനായ് നീക്കിവെക്കുന്നത്. തങ്ങളുടെ ഇന്നലെകള്‍ സമൂഹത്തിനും, രാജ്യത്തിനും, കുടുംബത്തിനുമായ് നീക്കി വെച്ചവരും, ഇന്ന് കാണുന്ന സകല സൗഭാഗ്യങ്ങളുടേയും വിധാതാക്കളുമായ വയോജനങ്ങളില്‍ ഒരു വലിയ വിഭാഗം ഇന്ന് എല്ലാ തലങ്ങളിലും അവഗണന അനുഭവിക്കുകയാണ്.

ക്ഷേത നടകളിലും, ആശുപത്രികളിലും ഉപേക്ഷിക്കപ്പെടുന്ന വയോധികരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. വയോജന ക്ഷേമ പദ്ധതികള്‍ പലതും ഭാഗമായോ പൂര്‍ണമായോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നേരത്തെ വയോധികര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുകള്‍ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ആ അവകാശം പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്ക് നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ പലപ്പോഴും കുടിശ്ശികയാവുന്നു. അഞ്ച് വര്‍ഷം മുമ്പ് തീരുമാനിക്കപ്പെട്ട തുക തന്നെയാണ് ഇപ്പൊഴും ലഭിക്കുന്നത്.

എഴുപത് പിന്നിട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിവര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി ചില സംസ്ഥാനങ്ങള്‍ നടപ്പാക്കി. ഇവിടെ അത് ഇതുവരെ നടപ്പിലായിട്ടില്ല. വയോജനങ്ങളുടെ ആശ്രയ കേന്ദ്രമായ പകല്‍ വീടുകള്‍ പലതും ഭാഗികമായേ പ്രവര്‍ത്തിക്കുന്നുള്ളൂ. ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പകല്‍വീടിലെ അന്തേവാസികള്‍ കേവലം ഏഴുപേര്‍ മാത്രം.

വയോമിത്രം എന്ന ആരോഗ്യ പദ്ധതി മുന്‍സിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും മാത്രം ഒതുക്കി. ഈ പദ്ധതിയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുളേയും ഉള്‍പ്പെടുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. വയോമിത്രം പദ്ധതിയില്‍ നേരത്തെ 135 മരുന്നുകള്‍ ലഭ്യമായിരുന്നു. അത് കഴിഞ്ഞമാസം 50 മരുന്നുകളായി പരിമിതപ്പെടുത്തി. മന്ദഹാസം (ദന്ത സംരക്ഷണം) പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലയില്‍ 50 പേര്‍ മാത്രം.

വയോജന കമ്മീഷന്‍, വയോജന കൗണ്‍സില്‍, ഇവയൊന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. സര്‍ക്കാരിന് ഒരു വയോജന വകുപ്പോ, വയോജന നയമോ ഇല്ല. ഇന്നും സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഒരു ഭാഗമായി ഈ വലിയ വിഭാഗത്തെ ഒതുക്കി നിര്‍ത്തുന്നു. ആശുപത്രികളില്‍ ഒരു വാര്‍ഡ് ജെറിയാട്രിക്ക് വാര്‍ഡ് (വയോജന വാര്‍ഡ്) ആക്കണമെന്ന സംഘടനയുടെ ആവശ്യം ഇന്നും വനരോദനമായി കലാശിക്കുന്നു. വയോജനങ്ങള്‍ക്ക് മാത്രമായി പ്രത്യേകം ഓ.പി പ്രത്യേകം ക്യൂ സിസ്റ്റം ഇരിപ്പിടങ്ങള്‍ ഇവയൊന്നും ലഭ്യമല്ല.

വയോജന ക്ഷേമ രംഗത്ത് 28 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന, ജാതി മത ഭേദ ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംഘടനയെ വയോജന ക്ഷേമ ആസൂത്രണ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രവണത വ്യാപകമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബാലന്‍ കുറുപ്പ്, ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍, ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍, ട്രെഷറര്‍ പി.കെ.രാമചന്ദ്രന്‍ നായര്‍, ഇബ്രാഹിം തിക്കോടി എന്നിവര്‍ പങ്കെടുത്തു.