കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കല്‍പ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് പുരസ്‌കാരം



കൊയിലാണ്ടി:
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു.

എം.ആര്‍. രാഘവവാരിയര്‍ക്കും, സി.എല്‍.ജോസിനും വിശിഷ്ടാംഗത്വം ലഭിച്ചു. കെ.വി.കുമാരന്‍, പ്രേമ ജയകുമാര്‍, പി.കെ.ഗോപി, ബക്കളം ദാമോദരന്‍, എം.രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ക്ക് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചു.

ഹരിതാ സാവിത്രിയുടെ സിന്‍ ആണ് മികച്ച നോവല്‍. എന്‍ രാജനെഴുതിയ ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ഇ ഫോര്‍ ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു.

പി.പവിത്രന്റെ ഭൂപടം തലതിരിക്കുമ്പോള്‍ ആണ് മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്‌കാരം നേടിയത്. ബി രാജീവന്റെ ഇന്ത്യയെ വീണ്ടെടുക്കല്‍ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടി. കെ. വേണുവിന്റെ ഒരന്വേഷണത്തിന്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

ആംചോ ബസ്തറിലൂടെ നന്ദിനി മേനോന്‍ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്‌കാരം നേടി. എഎം ശ്രീധരന്റെ കഥാ കദികെയാണ് വിവര്‍ത്തന സാഹിത്യ പുരസ്‌കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തില്‍ ഗ്രേസി രചിച്ച പെണ്‍കുട്ടിയും കൂട്ടരും പുരസ്‌കാരം നേടി. സുനീഷ് വാരനാടിന്റെ വാരനാടന്‍ കഥകളാണ് സാഹ സാഹിത്യ പുരസ്‌കാരം നേടിയത്.