ലൈംഗിക പീഡന കേസ്: അതിജീവിതയുടെ അപ്പീലില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്തു


കൊച്ചി: ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. അതുവരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വസ്ത്രവുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.

സിവിക് ചന്ദ്രനെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ കോഴിക്കോട് സെക്ഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവില്‍ നിയമപരമായ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സെക്ഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കിയത്.

സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റിക്കൊണ്ട് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായാണ് മാറ്റിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയത് പരിശോധിച്ച കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്ന് വിലയിരുത്തിയതാണ് വിവാദമായത്.