മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, ആറ് ബൈപ്പാസുകള്‍ക്ക് 200 കോടി, 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, ദേശീയപാത 66 ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികള്‍; സംസ്ഥാന ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വിവിധ പ്രതിസന്ധികള്‍ക്കിടയിലും ജനോപകാരപ്രദമായ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ അറിയാം.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി.
കെ.എസ്.ആര്‍.ടി.സിയുടെ പുനരുജ്ജീവനത്തിനായി ആയിരം കോടി.
വിലക്കയറ്റം നേരിടാനായി 2000 കോടി രൂപ.
പഴയവാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം.
സംസ്ഥാനത്ത് നാല് പുതിയ സയന്‍സ് പാര്‍ക്കുകള്‍. ചെലവ് ആയിരം കോടി. കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളോടു ചേര്‍ന്നാകും ഇവ സ്ഥാപിക്കുക.
ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും.
ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ.
മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം (എഥനോള്‍) ഉല്‍പ്പാദിപ്പിക്കാനായുള്ള ഗവേഷണത്തിന് രണ്ട് കോടി.
കൂടുതല്‍ ലഹരിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി കേന്ദ്രങ്ങള്‍ക്കായി 8 കോടി രൂപ.
റീബില്‍ഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും.
ഇടുക്കി, വയനാട് എയര്‍ സ്ട്രിപ്പുകള്‍ക്കായി നാലരക്കോടി.
പുതിയ കായിക നയം വരും. ഓരോ പഞ്ചായത്തിലും കളിസ്ഥലം ഉറപ്പാക്കും.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 427 കോടി.
കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടി.
തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി. ആര്‍.സി.സിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും.
അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാലും മുട്ടയും ആഴ്ചയില്‍ രണ്ടു ദിവസം ഉറപ്പാക്കും. 61.5 കോടി രൂപ വകയിരുത്തി.
ആരോഗ്യ മേഖലയ്ക്ക് 2629 കോടി. ദേശീയ ആരോഗ്യ മിഷന് 482 കോടി. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി.
കോഴിക്കോട് ആര്‍ട്ട് ഗാലറിക്കും തിരുവനന്തപുരം മ്യൂസിയത്തിനും 28 കോടി.
ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 200 കോടി. ഗതാഗത കുരുക്കുള്ള പ്രദേശങ്ങളില്‍ ബൈപ്പാസുകള്‍ നിര്‍മ്മിക്കും.
ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും.
മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും. തിരുവനന്തപുരത്തായിരിക്കും ഈ പാര്‍ക്ക് നിലവില്‍ വരിക.
മൈക്രോ-ബയോ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.
സര്‍വകലാശാലകളോട് ചേര്‍ന്ന് 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി നീക്കിവെക്കും. ഇവ എല്ലാ ജില്ലകളിലും സ്ഥാപിക്കും.
കണ്ണൂരില്‍ പുതിയ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും. കണ്ണൂര്‍, കൊല്ലം ഐ.ടി. പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി അനുവദിക്കും.
തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍.
ചരക്കുസേവന നികുതി വകുപ്പില്‍ പൂര്‍ണ കംപ്യൂട്ടര്‍വത്കരണം നടപ്പാക്കും. ലക്കി വിന്‍ എന്ന പേരില്‍ ഒരു ആപ് വരും. ഇതില്‍ ജിഎസ്ടി ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് അപ് ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ സമ്മാനങ്ങള്‍ നല്‍കും.
ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.
ലോട്ടറി വിജയികള്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പരിശീലനം നല്‍കും.
പോക്‌സോ കോടതികള്‍ക്കായി 8.5 കോടി വകയിരുത്തി.
നിലവിലുള്ള ഓട്ടോകള്‍ ഇ-ഓട്ടോയിലേയ്ക്ക് മാറാന്‍ വണ്ടിയൊന്നിന് 15,000 രൂപ സബ്സിഡി നല്‍കും. ഇതില്‍ 50% ഗുണഭോക്താക്കള്‍ സ്ത്രീകള്‍.
അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി
17 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കും.
പട്ടിക ജാതിവര്‍ഗ യുവതികള്‍ക്ക് വിവാഹ ധനസഹായമായി 1.25 ലക്ഷംരൂപ
യുക്രെയ്‌നില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥികളുടെ ഡേറ്റ ബാങ്ക് തയാറാക്കും.
നഗരങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി വകയിരുത്തി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍മാരായി 2 വര്‍ഷത്തേക്ക് നിയമിക്കും
ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി രൂപ വകയിരുത്തി.
വിദ്യാഭ്യാസമേഖലയ്ക്ക് 2,546 കോടി രൂപ.
ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി.
കെ-ഡിസ്‌ക് പദ്ധതിക്കായി 200 കോടി രൂപ വകയിരുത്തി.
ആറു ബൈപ്പാസ് റോഡുകള്‍ക്ക് 200 കോടി രൂപ വകയിരുത്തി.
ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി.
കെ ഫോണ്‍ പദ്ധതിയുടെ സഹായത്തോടെ 2,000 വൈഫൈ ഹോട്സ്‌പോട്ടുകള്‍ നടപ്പാക്കും.
ദേശീയപാത 66 ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികള്‍.
കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും.
കൈത്തറി മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം സാങ്കേതികവിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടി രൂപയുടെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ്.
നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും.
കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രം.
പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ
ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ
നികുതി നിര്‍ദ്ദേശം
അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും.
15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും.
2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി 1 ശതമാനം വര്‍ദ്ധിപ്പിക്കും.
രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും.
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും.
വിവിധ നികുത നിര്‍ദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.