മുറിച്ചുമാറ്റുന്ന തെങ്ങിന് സബ്സിഡിയും പകരം തെങ്ങിൻ തൈകളും; കേര ​ഗ്രാമം പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കം


കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ കാർഷിക വികസന കർഷകക്ഷേമ വകുപ്പും, കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെയും നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. കാവുംവട്ടം യു പി സ്കൂളിൽ ചേർന്ന കർഷക കൂട്ടായ്മയിൽ പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു.

നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ചതാണ് കേരഗ്രാമം പദ്ധതി. മുറിച്ചുമാറ്റുന്ന തെങ്ങ് ഒന്നിന് 1000 രൂപ സബ്സിഡിയും പകരം തെങ്ങിൻ തൈകളും പദ്ധതിയിലൂടെ നൽകും

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി കൃഷി ഓഫീസർ പി വിദ്യ പദ്ധതി വിശദീകരിച്ചു. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നഗരസഭ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ.എ ഇന്ദിരയും, കാർഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയരക്ടർ ഗീത കെ.ജി യും നിർവ്വഹിച്ചു. ക്ലസ്റ്ററിന് കീഴിലെ മികച്ച കർഷകരെ എംഎൽഎ പൊന്നാട അണിയിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.

കൗൺസിലർമാരായ ആർ.കെ കുമാരൻ, സുധ സി, എൻ.എസ് വിഷ്ണു, പി ഫാസിൽ, പി ജമാൽ, എം പ്രമോദ്, ബിന്ദു പിലാക്കാട്ട്, കർഷക കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി.വി മാധവൻ,വിശ്വനാഥൻ പി.കെ, ഷാജു പിലാക്കാട്ട്, ബാലൻ പത്താലത്ത് തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്രീയ തെങ്ങുകൃഷി പരിപാലനവുമായി ബന്ധപ്പെട്ട്, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ. യാമിനി വർമ്മ സെമിനാറിന് നേതൃത്വം നൽകി. കൃഷി ഉദ്യോഗസ്ഥരായ ജിജിൻ, അപർണ്ണ തുടങ്ങിയവരും പദ്ധതി പ്രാവർത്തികമാക്കുന്ന എട്ട് വാർഡുകളിലെ ക്ലസ്റ്റർ അംഗങ്ങളും കേരകർഷകരും പരിപാടിയിൽ പങ്കെടുത്തു. ക്ലസ്റ്റർ കൺവീനർ പി.കെ അജയകുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് അംന നന്ദി പറഞ്ഞു.

Summary: