വയനാട് ദുരന്തഭൂമിയില്‍ സന്നദ്ധ സേവനം ചെയ്ത പ്രദേശത്തെ യുവാക്കള്‍ക്ക് ആദരം; കേളി മുനമ്പത്തിന്റെ ജനറല്‍ ബോഡി യോഗം കാപ്പാട്


കാപ്പാട്: കേളി മുനമ്പത്തിന്റെ ജനറല്‍ ബോഡി യോഗം കേളി ഓഫീസില്‍ നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കോയ വലിയാണ്ടി അദ്ധ്യക്ഷനായി.

വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ അഞ്ച് സെന്റ് ഭൂമി വിട്ടു നല്‍കിയ കാപ്പാട് സ്വദേശി കെ.പി.യൂസഫിനെയും കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു. വയനാട് ദുരന്തഭൂമിയില്‍ സന്നദ്ധ വളണ്ടിയര്‍മാരായി സേവനം അനുഷ്ഠിച്ച അഖില്‍ അന്‍വര്‍, രാജേഷ്, കാപ്പാട് ഗവ: മാപ്പിള യു.പി സ്‌കൂളിലെ എല്‍.എസ്.എസ് ജേതാക്കളായ എ.എസ്.ദീക്ഷിത്, കെ.കെ.വാമിക എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

കേളി രക്ഷാധികാരി അശോകന്‍ കോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, കാപ്പാട് ഗവ: യു.പി.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.ഷിജു എന്നിവര്‍ സംസാരിച്ചു. കേളിയുടെ ഭാരവാഹികളായി ഷിബില്‍ രാജ് താവണ്ടി (സെക്രട്ടറി), അബ്ദുസ്സലാം (പ്രസിഡന്റ്), ടി.ഷിജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Summary: Keli Munambat General Body meeting Kappad