ഉത്സവ ലഹരിയില്‍ കീഴൂരും പരിസര പ്രദേശങ്ങളും; മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടിയേറി


പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു.

പ്രസിദ്ധമായ കാളയെ ചന്തയില്‍ കടത്തികെട്ടല്‍ ചടങ്ങ് നാളെ രാവിലെ ഏഴരയ്ക്ക് നടക്കും. പത്ത് മണിക്ക് മൂഴിക്കുളം രാഹുല്‍ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകുന്നേരം ആറരയ്ക്ക് നിളാനാഥ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, 7.30ന് ഹിറ്റ് മെഗാഷോ ‘ജാനു ഏടത്തിയും കേളപ്പേട്ടനും’, രാത്രി ഒമ്പതരയ്ക്ക് സദനം സുരേഷ് കുമാറഇന്റെ തായമ്പക എന്നിവയുണ്ടായിരിക്കും.

ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയില്‍ തിങ്ങിനിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കിയാണ് ഒരാഴ്ച നീളുന്ന ഉത്സവം കൊടിയേറിയത്. കൊടിയേറ്റത്തിന് ശേഷം പ്രശസ്ത ഗായകന്‍ ശ്രീനന്ദ് വിനോദ് നയിച്ച ഗാനമേള നടന്നു.

13ന് ചെറിയവിളക്ക് ദിവസം രാവിലെ 10 ന് കലാമണ്ഡലം അനൂപിന്റെ പാഠകം, 11 ന് വലിയവട്ടളം പായസനിവേദ്യം, വൈകീട്ട് 6. 30ന് സുസ്മിതാ ഗിരീഷിന്റെ ‘ഗസല്‍ സന്ധ്യ’, രാത്രി 9. 30ന് അത്താലൂര്‍ ശിവന്റെ തായമ്പക എന്നിവ നടക്കും.

പതിനാറിനാണ് ആറാട്ട്. അന്നേദിവസം രാത്രി പതിനൊന്നിന് എഴുന്നള്ളത്ത് പൂവെടിത്തറയില്‍ എത്തിച്ചേരുന്നതോടെ മേളം, പഞ്ചവാദ്യം, കേളിക്കൈ, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. ഉത്സവദിവസങ്ങളില്‍ രാവിലെയും വൈകിട്ടും കാഴ്ചശീവേലിയും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടാവും.