മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍; ഞാറ്റുവേല ചന്ത ആരംഭിച്ച് കീഴരിയൂര്‍ പഞ്ചായത്ത്


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. കീഴരിയൂര്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ഞാറ്റു വേല ചന്തയില്‍ തെങ്ങിന്‍ തൈകള്‍, കമുകിന്‍ തൈകള്‍, ഫല വൃക്ഷ തൈകള്‍, വാഴക്കന്നുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അലങ്കാര ചെടികള്‍ എന്നിവ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാവുന്നതാണ്.

കീഴരിയൂര്‍ കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഞാറ്റു വേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ടീച്ചര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ അമല്‍സരാഗ ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ഐ. സജീവന്‍ മാസ്റ്റര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഇ.ടി. ബാലന്‍, എം. കുട്ട്യാലി, മൊയ്തി പാലാഴി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ആഫീസര്‍ ഷാജി.പി നന്ദിയും പറഞ്ഞു.